കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ വികേന്ദ്രീകൃത വിപണന സംവിധാനം: മന്ത്രി വി.എസ്. സുനിൽ കുമാർ

കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ വികേന്ദ്രീകൃത വിപണന സംവിധാനം: മന്ത്രി വി.എസ്. സുനിൽ കുമാർ

ആലപ്പുഴ: കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും വിറ്റഴിക്കാനുമായി വികേന്ദ്രീകൃത വിപണനസംവിധാനം സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയാണെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കർഷകർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച കമ്മ്യൂണിറ്റി റേഡിയോ കുട്ടനാട് എഫ്.എം. 90.0 ന്റെ ഉദ്ഘാടനവും സംസ്ഥാന കീടനിരീക്ഷണകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നൂറിലധം ആഴ്ച്ചച്ചന്തകൾ സംസ്ഥാനത്ത് ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സഹകരണസംഘങ്ങളും സഹകരണബാങ്കുകളും കൃഷി വകുപ്പും ചേർന്നാണ് ഇതിനാവശ്യമായ സഹായം നൽകുന്നത്. മൊത്ത–ചില്ലറ വില്പനയിലെ വില വ്യത്യാസങ്ങളില്ലാതെ കർഷകർക്ക് ന്യായമായ വില ഉറപ്പാക്കി ഉപഭോക്താക്കൾക്ക് മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു. ഹോർട്ടികോർപ് കൂടുതൽ വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു. വി.എഫ്.പി.സി.കെ.യുടെ 65 തളിർ വിപണന കേന്ദ്രങ്ങൾ ആരംഭിച്ചു. 32 എണ്ണം ഉടൻ ആരംഭിക്കും. കൃഷി വകുപ്പിന്റെ ഗ്രാമീണ ചന്തകളും നഗരങ്ങളിൽ തെരുവുചന്തകളും ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽ 30 ആഴ്ചച്ചന്തകൾ ആരംഭിച്ചു.

43 എണ്ണം കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടർ ഡോ. കെ. വാസുകി ആധ്യക്ഷ്യം വഹിച്ചു. കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ അഡ്വ. ജോയിക്കുട്ടി ജോസ്, പുറക്കാട് കരിനില വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സി. സിദ്ധാർത്ഥൻ, കൃഷി അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജേന്ദ്രലാൽ, മധു ജോർജ് മത്തായി, ഡോ. കെ.ജി. പദ്മകുമാർ, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ജോർജ് സെബാസ്റ്റിയൻ, ആത്മ പ്രോജക്ട് ഡയറക്ടർ ലത മേരി ജോർജ്, കെ.സി.പി.എം. ജോയിന്റ് ഡയറക്ടർ ഷേർളി ജോസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ അലിനി എ. ആന്റണി, സി. മോഹൻ എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!