കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി

കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി

കൊച്ചി: കേരള സ്റ്റേറ്റ് ബാംബൂ മിഷൻ (കെ.എസ്. ബി.എം), കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെ-ബിപ്), സംസ്‌ഥാന വ്യവസായവകുപ്പ് എന്നിവർ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി (ഫിക്കി) ചേർന്ന് സംഘടിപ്പിക്കുന്ന പതിനേഴാമത് കേരള ബാംബൂ ഫെസ്റ്റിന് തുടക്കമായി. ഇതാദ്യമായി വെർച്വൽ പ്ലാറ്റ്‌ഫോമിലാണ് പ്രദർശനവും ബിസിനസ് മീറ്റുകളും സംഘടിപ്പിച്ചിരിക്കുന്നത്. വ്യവസായമന്ത്രി ഇ.പി. ജയരാജൻ മേള വെർച്വൽ മീറ്റിങ്ങിലൂടെ ഉദ്‌ഘാടനം ചെയ്തു. മുള -അനുബന്ധ ഉത്പാദന മേഖലയിൽ വൈവിധ്യവത്കരണവും ആധുനികവത്കരണവും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മുള ഉത്പാദന മേഖലയിലെ സാങ്കേതിക പോരായ്മകൾ പരിഹരിക്കും.

മുള ഉത്പാദന മേഖലയിൽ നൈപുണ്യ വികസന പരിശീലനം നടപ്പാക്കിയത് പൊതുജനങ്ങളിൽ മുള ഉത്പാദനത്തിന് താത്‌പര്യം വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു. മുള ഫർണിച്ചർ, ആഭരണ, വീട് നിർമാണം എന്നിവ പ്രോത്സാഹിപ്പിക്കും. ഈറ്റവെട്ട്, പനമ്പുനെയ്ത്ത് തൊഴിലാളികൾക്ക് 2017 മുതൽ 20 ശതമാനം കൂലിവർധന നടപ്പാക്കി. കണ്ണൂർ, കോഴിക്കോട് എയർ പോർട്ടുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുളയുത്പന്നങ്ങളുടെ ഓൺലൈൻ വില്പന തുടങ്ങിയത് വിപണന സാധ്യത വർധിപ്പിച്ചതായും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ മുഖ്യപ്രഭാഷണം നടത്തി. മുള ഉത്പന്ന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആഗോളവിപണി സാധ്യത ലഭ്യമാക്കാനും ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമാക്കാനും ഇത്തരം മേളകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ.അൽക്ക ഭാർഗവ വിശിഷ്ടാതിഥിയായിരുന്നു. മുള ഉത്പന്നങ്ങൾ കേന്ദ്ര സർക്കാരിന്റെ ഇ- മാർക്കറ്റിങ്ങ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും ഇതിനു സംസ്‌ഥാന വ്യവസായ വകുപ്പ് മുൻകൈ എടുക്കണമെന്നും അവർ പറഞ്ഞു. വ്യവസായ, വാണിജ്യ ഡയറക്ടർ എം.ജി. രാജമാണിക്യം, ഫിക്കി കേരള കോ-ചെയർ ദീപക് എൽ അസ്വാനി, വ്യവസായ, വാണിജ്യ അഡീഷണൽ ഡയറക്ടർ ആർ. രമേശ് ചന്ദ്രൻ എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

ദേശീയ രാജ്യാന്തര ബയർമാരും ഇത്തവണ ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. ബായാർ – സെല്ലർ മീറ്റുകളും പ്രദർശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ബി ടു ബി, ജി ടു ബി സെഷനുകളും ഉണ്ടാകും.

മുള ഉത്പന്നം വ്യവസായ മേഖലയിലെ നൂതനാശയങ്ങളും വിപണന സാധ്യതകളും ചചർച്ച ചെയ്യാൻ സംഘടിപ്പിച്ച ഓൺലൈൻ സമ്മേളനത്തിൽ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു, കെ ബിപ് ചെയർമാൻ സൂരജ് എസ് നായർ, സൗത്ത് ഏഷ്യ ബാംബൂ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കമേഷ് സലാം, കേരളം ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യുട്ട് ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.

ഓഫീസ് സ്റ്റേഷനറി, ബാംബൂ ബ്ലിൻഡ്‌സ്, അടുക്കള ഉപകരണങ്ങൾ, അലങ്കാര വസ്തുക്കൾ, ഇന്റീരിയർ ഡിസൈൻ, ബാംബൂ ഫർണിച്ചർ, കെട്ടിട നിർമാണ വസ്തുക്കൾ, ബാംബൂ സീഡ്‌ലിങ്സ്‌ തുടങ്ങിയവ പ്രദര്ശനത്തിലുണ്ടാകും.മേള 20 ന് സമാപിക്കും.

Leave A Reply
error: Content is protected !!