രാജ്യത്ത് 5ജി പരീക്ഷണാടിസ്ഥാനത്തിൽ വിന്യസിക്കാനുള്ള റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നീ സേവന ദാതാക്കളുടെ അപേക്ഷകളിൽ ടെലികോം വകുപ്പ് രണ്ടാഴ്ച്ചയ്ക്കകം നടപടി സ്വീകരിക്കും. ഐടി പാർലമെന്ററി കമ്മറ്റിയുടെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വകുപ്പിന്റെ ഈ തീരുമാനം.
വിദേശ രാജ്യങ്ങളിൽ പലരും 5ജി സേവനം ആരംഭിച്ചിട്ടും ഇന്ത്യയിൽ ഇനിയും വൈകുന്നതിനെ ശശി തരൂർ അധ്യക്ഷനായ ഐടി പാർലമെന്ററി കമ്മിറ്റി നിശിതമായി വിമർശിച്ചിരുന്നു. ഇനിയും നടപടി സ്വീകരിച്ചില്ലെങ്കിൽ 5ജിയിൽ രാജ്യം പിന്നിലാവുമെന്നും പാനൽ മുന്നറിയിപ്പ് നൽകി.
5ജി പരീക്ഷണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ടെലികോം വകുപ്പ് രാജ്യത്തെ വിവിധ സേവനദാതാക്കളുമായി ചർച്ചനടത്തിവരികയാണെന്നും ഇത് പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ ഫലമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇടി ടെലികോം റിപ്പോർട്ട് ചെയ്യുന്നു.
ഇറക്കുമതി ചെയ്തതും തദ്ദേശീയമായി തയ്യാറാക്കിയതുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് 5ജി ഫീൽഡ് ട്രയൽ ആരംഭിക്കുന്നതിനായി 16 ആപ്ലിക്കേഷനുകളാണ് ടെലികോം വകുപ്പിന് കഴിഞ്ഞ വർഷം ലഭിച്ചത്. രണ്ടോ മൂന്നോ മാസങ്ങൾക്കുള്ളിൽ 5ജി ട്രയൽ ആരംഭിക്കുമെന്ന സൂചന വകുപ്പ് അടുത്തിടെ നൽകിയിരുന്നു.
വാവേ, സെഡ് ടിഇ തുടങ്ങിയ ചൈനീസ് കമ്പനികളിൽനിന്നും 5ജിസാങ്കേതിക വിദ്യ സ്വീകരിക്കുന്നതിൽനിന്നും കമ്പനികൾ പിൻമാറിയിട്ടുണ്ട്. ഇപ്പോൾ യൂറോപ്യൻ, അമേരിക്കൻ കമ്പനികളെയാണ് ഇതിനായി ആശ്രയിക്കുന്നത്.
സാംസങ്, നോക്കിയ, എറിക്സൺ തുടങ്ങിയ കമ്പനികളുടെ സാങ്കേതിക വിദ്യകളും സ്വന്തമായി വികസിപ്പിച്ച സാങ്കേതിക വിദ്യയും പരീക്ഷിക്കാനുള്ള അനുമതിയാണ് ജിയോ ചോദിച്ചിരിക്കുന്നത്.
എയർടെലും വോഡഫോൺ ഐഡിയയും ഫിൻലന്റ് കമ്പനിയായ നോക്കിയയേയും സ്വീഡനിൽ നിന്നുള്ള എറിക്സണിനേയുമാണ് 5ജിയ്ക്കായി ആശ്രയിക്കുന്നത്.