‘പെണ്ണിടം’ ശ്രദ്ധേയം: ആദിവാസി കോളനികള്‍ ശിശു-സ്ത്രീസൗഹൃദമാകുന്നു

‘പെണ്ണിടം’ ശ്രദ്ധേയം: ആദിവാസി കോളനികള്‍ ശിശു-സ്ത്രീസൗഹൃദമാകുന്നു

തൃശ്ശൂർ:കുടുംബശ്രീ തൃശൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച ‘പെണ്ണിടം’പദ്ധതി ആദിവാസി ഊരുകളില്‍ വന്‍പ്രചാരം നേടുന്നു. ജില്ലയിലെ ജെന്‍ഡര്‍ ടീമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ലിംഗപദവി സമത്വ പരിപാടിയാണ് ഇപ്പോള്‍ ആദിവാസി ഊരുകളിലും ഊര്‍ജ്ജിതമായി നടക്കുന്നത്. ആദിവാസി കോളനികളിലെ ഓരോ വീടും ശിശു,സ്ത്രീ സൗഹൃദമാക്കുകയും അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലെ വാഴച്ചാല്‍, പൊകലപ്പാറ ആദിവാസി ഊരുകളിലാണ് പരീക്ഷണാര്‍ഥത്തില്‍ പദ്ധതി നടപ്പിലാക്കിയത്. ഇവിടെ നിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മികവോടെ ജില്ലയിലെ എല്ലാ ആദിവാസി ഊരുകളിലും പദ്ധതി ഉടന്‍ നടപ്പിലാക്കും.

അഞ്ച് മേഖലകള്‍ കേന്ദ്രീകരിച്ചാണ് ആദിവാസി ഊരുകളില്‍ പദ്ധതി ഒരുക്കിയിട്ടുള്ളത്. സ്ത്രീകളുടെ കാര്യശേഷി വികസനമാണ് പ്രധാനം. വിവിധ പരിശീലനങ്ങളും, ഗ്രൂപ്പ് ആക്ടിവിറ്റികളും ഇതിനോടനുബന്ധിച്ച്് സ്ത്രീകള്‍ക്കിടയില്‍ സംഘടിപ്പിച്ചു. മാനസികാരോഗ്യ വികസനത്തിന്റെ ഭാഗമായി വിവിധ കൗണ്‍സിലിംഗ്, ഗ്രൂപ്പ് തെറാപ്പികള്‍ എന്നിവയും നല്‍കി. സ്ത്രീകളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങള്‍ പഠിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും സ്ത്രീകളുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ചു. സ്ത്രീകളുടെ ഇടയില്‍ വരുമാനദായക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും നടത്തി. ഊരിന്റെ സമഗ്രവികസനത്തിന് സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തവും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കി.

കുടുംബശ്രീയുടെ ജെന്‍ഡര്‍ ജില്ലാ ഫെസിലിറ്റേറ്റര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പെണ്ണിടത്തിന്റെ പരിശീലനങ്ങള്‍ നടന്നു വരുന്നത്. പൊകലപ്പാറ ഊരിലെ 32 സ്ത്രീകളും വാഴച്ചാലിലെ 71 സ്ത്രീകളുമാണ് പദ്ധതിയുടെ ഭാഗമായി പരിപാടികളില്‍ പങ്കെടുക്കുന്നത്. 2020 നവംബറില്‍ ആരംഭിച്ച പദ്ധതി രണ്ടിടങ്ങളിലും പൂര്‍ണമായി നടപ്പിലാക്കി.

Leave A Reply
error: Content is protected !!