ഫണ്ട് തിരിമറി ആരോപണത്തില്‍ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായെന്ന് പി.കെ ഫിറോസ്

ഫണ്ട് തിരിമറി ആരോപണത്തില്‍ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: കത്‌വ ഫണ്ട് തിരിമറി ആരോപണത്തില്‍ പൊലീസ് തനിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പ്രേരിതമായെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. സി.പി.ഐ.എമ്മിന് താനും യൂത്ത് ലീഗുമുണ്ടാക്കിയ തലവേദനകള്‍ പരിഗണിക്കുമ്പോള്‍ അവര്‍ നല്‍കുന്ന ഏറ്റവും ചെറിയ ശിക്ഷയാണ് കേസെന്നും അദ്ദേഹം പറഞ്ഞു. കത്‌വ ഫണ്ട് തിരിമറി ആരോപണത്തില്‍ കുന്ദമംഗലം പൊലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണ അവര്‍ വധശിക്ഷയാണ് നല്‍കാറുള്ളത്. എത്രത്തോളം മുമ്പോട്ട് പോവാന്‍ പറ്റുമെന്ന് അവര്‍ നോക്കട്ടെ. ഞങ്ങളും പരാതി കൊടുക്കാന്‍ പോവുകയാണ്. അഭിമന്യുവിന്റെ പേരിലും ഡല്‍ഹി കലാപത്തിന് പിന്നാലെയും സി.പി.ഐ.എം പിരിവ് നടത്തിയിട്ടുണ്ട്. ഒരു വെള്ള കടലാസില്‍ ആക്ഷേപം ഉന്നയിച്ച് പരാതി കൊടുത്താല്‍ പിണറായിക്കും കോടിയേരിക്കും എതിരെ കേസെടുക്കുമോ എന്ന് നോക്കാം. അതില്‍ നിന്നും പൊലീസിന്റെ നിലപാട് വ്യക്തമാവുമല്ലോ, പി.കെ ഫിറോസ് പറഞ്ഞു.

കത്‌വ ഫണ്ട് തട്ടിപ്പ് പരാതിയില്‍ യൂത്ത് ലീഗ് നേതാക്കളായ സി കെ സുബൈര്‍, പി കെ ഫിറോസ് എന്നിവര്‍ക്കെതിരെയാണ് കുന്ദമംഗലം പൊലീസ് കേസെടുത്തത്. ഐ.പി.സി 420 പ്രകാരമാണ് കേസെടുത്തത്. സി.കെ  സുബൈറാണ് ഒന്നാം പ്രതി. കഠുവ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടംബങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ഏകദിന ഫണ്ട് സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19,20 തീയതികളില്‍ സി.കെ സുബൈര്‍ പത്രത്തില്‍ പരസ്യം കൊടുത്ത് പണം പിരിച്ചുവെന്നാണ് കേസ്.

Leave A Reply
error: Content is protected !!