ബംഗളൂരു: 15കാരിയുടെ ശരീരത്തില്‍ നിന്ന് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ 3.5 കിലോയുള്ള മുഴ നീക്കം ചെയ്തു. ഗുജറാത്ത് സ്വദേശിയായ പെൺകുട്ടിക്കായിരുന്നു ശസ്ത്രക്രിയ.ബംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിലെ 21 ഡോക്ടർമാരുടെ സംഘം നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്ത് പെൺകുട്ടിയെ ജീവിതത്തിലേക്ക് കൈ പിടിച്ചുയത്തിയത് .
പെൺകുട്ടിയുടെ കഴുത്തു മുതൽ നെഞ്ചുവരെയുള്ള ഭാഗത്തായിരുന്നു മുഴയുണ്ടായിരുന്നത്. കഴിഞ്ഞമാസമാണ് കുട്ടി അര്‍ബുദത്തിന് ചികിത്സ തേടിയെത്തിയത്. മറ്റു പല ആശുപത്രിയിലും മുമ്പ് ചികിത്സ തേടിയിരുന്നുവെങ്കിലും ശസ്ത്രക്രിയക്ക് മടിച്ചു. മുഴ വലിയ രീതിയിൽ വളർന്നതിനാൽ സ്വന്തം കാര്യങ്ങൾ ചെയ്യാൻതന്നെ ബുദ്ധിമുട്ടായിരുന്നു. പെൺകുട്ടിക്ക് കഴിഞ്ഞ വർഷം മുതൽ പഠനവും ഉപേക്ഷിക്കേണ്ടിവന്നു. 70 ലക്ഷത്തോളം രൂപ ചെലവുവന്ന ശസ്ത്രക്രിയക്ക് സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് പണം സമാഹരിച്ചത്.ശസ്ത്രക്രിയക്കുശേഷം പെൺകുട്ടി ആരോഗ്യം വീണ്ടെടുത്തുവരുന്നതായി ഡോക്ടർമാർ അറിയിച്ചു .