അമ്മാൻ: പ്രശസ്ത ഫലസ്തീൻ കവിയും നോവലിസ്റ്റുമായ മുരീദ് ബർഗൂസി(76) അന്തരിച്ചു. ജോർഡൻ തലസ്ഥാനമായ അമ്മാനിൽ വച്ചായിരുന്നു അന്ത്യം.
ഫലസ്തീൻ ജനതക്കുവേണ്ടി എഴുത്തിലൂടെ പോരാടിയ ബർഗൂസിയുടെ വിഖ്യാത ആത്മകഥാപരമായ നോവൽ ‘റഅയ്തു റാമല്ല’ (റാമല്ല ഞാൻ കണ്ടു) മലയാളമുൾപ്പെടെ വിവിധ ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
12 കവിതസമാഹാരങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നജീബ് മഹ്ഫൂസ് സാഹിത്യ അവാർഡ് ഉൾപ്പെടെ നേടിയ ബർഗൂസിയുടെ മിക്ക രചനകളും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ഈജിപ്ഷ്യൻ നോവലിസ്റ്റായ ഭാര്യ റദ്വ ആശൂറാണ്. ജീവിതത്തിന്റെ മുക്കാൽ ഭാഗവും രാജ്യഭ്രഷ്ടനായി കഴിയേണ്ടിവന്നു.