ജുബൈൽ: ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലും സൗദി അറേബ്യയെ മുൻ നിരയിൽ എത്തിക്കുന്നതിൽ ‘മുസാനെദ്’ എന്ന സംവിധാനം വിജയിച്ചുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്ര തൊഴിലാളി സംഘടന (ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ). സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ‘മുസാനെദ്’ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമുള്ളത്.
രാജ്യത്തേക്കുള്ള വിദേശ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ സുഗമമാക്കുന്ന പുതിയ സംയോജിത സംവിധാനമാണ് ‘മുസാനെദ്’. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ‘മുസാനെദ്’ വഴി ഗാർഹിക ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ അനായാസമാക്കുകയും അവരുടെ അവകാശ സംരക്ഷണങ്ങളുടെ നിലവാരം വർധിപ്പിക്കുകയും ചെയ്യാനായി. റിക്രൂട്ട്മെൻറ് പ്രക്രിയയിൽ ഓരോരുത്തർക്കും പങ്കുണ്ടെന്നും അവരുടെ ഉത്തരവാദിത്തങ്ങൾ, അവകാശങ്ങൾ, ചുമതലകൾ എന്തൊക്കെയാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും റിക്രൂട്ട്മെൻറ് സംവിധാനം മെച്ചപ്പെടുത്തുന്നതിനും റിക്രൂട്ട്മെൻറ് ഓഫിസുകളും കമ്പനികളും തമ്മിലുള്ള മത്സരശേഷി വർധിപ്പിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്രദമായി . പോർട്ടലിന്റെ ഓൺലൈൻ സംവിധാനം വഴി വിപണിയിലെ റിക്രൂട്ട്മെൻറ് ചെലവ് കുറഞ്ഞു .
ഗാർഹിക തൊഴിലാളികളുടെ കരാർ സംവിധാനം നിയന്ത്രിക്കുന്നതിലും ഇരുവിഭാഗത്തിനും അവകാശങ്ങൾ ഉറപ്പുനൽകുന്നതിലും തൊഴിലാളികൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിനും നിയമനിർമാണം നടത്തുന്നതിലും മുസാനെദ് പ്ലാറ്റ്ഫോo ഫലപ്രദമാണ് .