ആലുവ: പട്ടാപ്പകൽ നഗരമധ്യത്തിലെ ജ്വല്ലറിയിൽനിന്ന് സ്വർണമാലയും ലോക്കറ്റും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഷിജോ എന്നിവരെയാണ് പോലീസ് പിടികൂടിയത്. സ്വകാര്യബസ് സ്റ്റാൻഡിന് സമീപം മാർക്കറ്റ് റോഡിലെ ലിമി ജ്വല്ലറിയിൽ എത്തിയ യുവാവ് ആറ് ഗ്രാം മാലയും രണ്ട് ഗ്രാമിൻറെ ലോക്കറ്റും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ കാറിൽ എത്തിയ ഇയാൾ ആവശ്യപ്പെട്ടപ്രകാരം ജീവനക്കാരി ആഭരണം കൈമാറുകയായിരുന്നു. കൈവെള്ളയിലിട്ട് തൂക്കുന്നപോലെ അഭിനയിച്ചശേഷം തൂക്കം കൂടിയ മാല ആവശ്യപ്പെട്ടു. ജീവനക്കാരി അതെടുക്കാൻ തിരിഞ്ഞപ്പോൾ പുറത്തിറങ്ങി സ്റ്റാർട്ട് ചെയ്തിട്ടിരുന്ന കാറിൽ കയറിപ്പോകുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
നഗരസഭ മുൻ ചെയർമാൻ ഫ്രാൻസിസ് തോമസിൻറെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. കോവിഡുകാലത്ത് ഈ ജ്വല്ലറി കുത്തിത്തുറക്കാൻ അന്തർ സംസ്ഥാന തൊഴിലാളികൾ ശ്രമിച്ചിരുന്നു. പട്രോളിങ് നടത്തിയ പൊലീസിന് മുന്നിൽ കമ്പിപ്പാരയുമായി ഇവർ കുടുങ്ങുകയായിരുന്നു.