തൃശ്ശൂർ: പനമ്പിള്ളി ഗവ കോളേജിന്റെ നാല് ഏക്കര്‍ സ്ഥലത്ത് 30 കോടി രൂപ ചിലവഴിച്ചാണ് റീജിയണല്‍ സയന്‍സ് സെന്റര്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും ശാസ്ത്ര സംബന്ധമായ അറിവു പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യവുമായിട്ടാണ് സയന്‍സ് പാര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്.
പ്ലാനറ്റോറിയം തുറക്കുന്ന ശാസ്ത്രലോകം
ചാലക്കുടിയിലെ സയന്‍സ് റീജിയണല്‍ സെന്ററിലെ മുഖ്യ ആകര്‍ഷണം ഇവിടുത്തെ പ്ലാനറ്റോറിയമാണ്. ലാര്‍ജ് ഫോര്‍മാറ്റ് ഫിലിം പ്രൊജക്ഷന് സംവിധാനത്തോടെയുള്ള ത്രി ഡൈമെന്ഷല് തിയേറ്ററാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 5000 സ്ക്വയര്‍ ഫീറ്റിലാണ് പ്ലാനറ്റോറിയം പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരേ സമയം 200 പേര്‍ക്ക് പ്ലാനറ്റോറിയം തിയേറ്ററിലുള്ള പ്രദര്‍ശനം കാണാം. വീഡിയോ, ത്രിഡി, ആനിമേഷന്‍ രൂപത്തില്‍ വിജ്ഞാനവും വിനോദവും പകര്‍ന്നു നല്കുന്ന ശാസ്ത്ര സംബന്ധമായ വിദ്യാഭ്യാസ പരിപാടികളാണ് പ്ലാനറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കുക.
ശാസ്ത്രലോകത്തെ വിസ്മയവുമായി ഗാലറിബ്ലോക്ക്
വൈവിദ്ധ്യമാര്‍ന്ന നാല് സയന്‍സ് ഗാലറികള്‍, ത്രിഡി തിയറ്റര്‍, ഇന്നവേഷന്‍ ഹബ്, ഓഫീസ് സമുച്ചയം എന്നിവ ഉള്‍പ്പെടുന്ന ഗാലറി ബില്‍ഡിങ് ബ്ലോക്ക് 27000 സ്ക്വയര്‍ ഫീറ്റിലാണ് പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. സയന്‍സിന്റെ പ്രധാന്യവും അതിന്റെ സാധ്യതകളും ആകര്‍ഷകമായ സംവിധാനങ്ങളിലൂടെ അനുഭവഭേദ്യമാക്കുക എന്നതാണ് സയന്‍സ് ഗാലറിയുടെ ലക്ഷ്യം. പോപ്പുലര്‍ സയന്‍സ് ഗാലറി, മാത്തമാറ്റിക്സ് ഗാലറി, ബയോമെഡിക്കല്‍ ഗാലറി, ഡിജിറ്റല്‍ അഡ്വാന്‍സ് ഗാലറി എന്നീ
നാല് സയന്‍സ് ഗാലറികളില്‍ ഇപ്പോള്‍ രണ്ടെണ്ണമാണ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. പോപ്പുലര്‍ സയന്‍സ് ഗാലറി, മാത്തമാറ്റിക്സ് ഗാലറി എന്നിവയാണവ. അടിസ്ഥാനപരമായ സയന്‍സിലെ തത്ത്വങ്ങളെ പ്രയോഗിക തലത്തില്‍ അവതരിപ്പിക്കുന്ന പ്രദര്‍ശനമാണ് പോപ്പുലര്‍ സയന്‍സ് ഗാലറിയില്‍ വരുന്നത്. ഗണിത സംബന്ധിച്ചമായ അടിസ്ഥാന വിവരങ്ങളെ മാത്തമാറ്റിക്സ് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കും.
ശാസ്ത്രലോകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ത്രിഡി ഫ്ലാറ്റ്ഫോമില്‍ കാണുന്നതിന് ത്രിഡി തിയറ്റര്‍ ഒരുക്കിയിട്ടുണ്ട്.90 ഇരിപ്പിടങ്ങളുള്ള ത്രിഡി തിയ്യറ്ററാണ് ഒരുക്കിയിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഇന്നവേഷന്‍ ഹബ് ഒരുക്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി സയന്‍സ് ലൈബ്രറി സജ്ജമാക്കും. സയന്‍സ് സംബന്ധമായ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ പഠന ക്ലാസുകള്‍ സംഘടിപ്പിക്കും.പ്രത്യേക വിഷയങ്ങളില്‍ ഹ്രസ്വകാല പരിശീലനം നല്‍കും. ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ത്രിഡി പ്രിന്റിംഗ് സംവിധാനത്തിന്റെ സഹായം നേടാം.