10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി സർക്കാർ ഏറ്റെടുക്കുന്നു

10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി സർക്കാർ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: സംസഥാന സർക്കാർ പുതുതായി 10 എയ്ഡഡ് സ്‌കൂളുകള്‍ കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നഷ്ടത്തിലാകുന്ന എയ്ഡഡ് സ്കൂളുകൾ അടച്ചു പൂട്ടിയിരുന്ന ഒരു കാലം കേരളത്തിൽ അതിവിദൂരമായിരുന്നില്ല. എന്നാൽ സാധാരണക്കാർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധമായ സർക്കാരിണിത്. അതുകൊണ്ടു തന്നെ പൊതുവിദ്യാലയങ്ങൾ പൂട്ടിപ്പോകുന്നത് നോക്കിനിൽക്കാതെ, അവ ഏറ്റെടുക്കാനും ഏറ്റവും മികച്ച നിലവാരത്തിലേക്കുയർത്താനും ആവശ്യമായ ശ്രമങ്ങളാണ് ആദ്യ നാളുകൾ മുതൽ സർക്കാർ നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പുലിയന്നൂര്‍ സെന്റ് തോമസ് യു.പി. സ്‌കൂള്‍, ആര്‍.വി.എല്‍.പി.എസ്. (കുരുവിലശ്ശേരി), എ.എല്‍.പി.എസ്. (മുളവുകാട്), എം.ജി.യു.പി.എസ്. (പെരുമ്പിള്ളി മുളന്തുരുത്തി), എല്‍.പി.എസ്. (കഞ്ഞിപ്പാടം), എന്‍.എന്‍.എസ്.യു.പി.എസ് (ആലക്കാട്), എസ്.എം.എല്‍.പി.എസ്. (ചുലിശ്ശേരി), ടി.ഐ.യു.പി.എസ്. (പൊന്നാനി), ശ്രീവാസുദേവാശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (നടുവത്തൂര്‍), സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂള്‍ (പുതുക്കോട്, പാലക്കാട്) എന്നിവയാണ് ആ സ്കൂളുകൾ.

ഈ വിദ്യാലയങ്ങൾ ഏറ്റെടുക്കുക മാത്രമല്ല, ഏറ്റവും നല്ല സൗകര്യങ്ങളൊരുക്കി ആ പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുമെന്നു കൂടെ സർക്കാർ ഉറപ്പു വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങൾ ഭാവിയിലേയ്ക്കുള്ള നിക്ഷേപങ്ങളാണ്. അതിനാൽ അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഈ സർക്കാർ തയ്യാറല്ല. പൊതുസമൂഹത്തെ കൂടെ നിർത്തി പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി ഇനിയും മുൻപോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു..

Leave A Reply
error: Content is protected !!