ഡോളര്‍ കടത്ത് കേസ്; സന്തോഷ് ഈപ്പന് ജാമ്യം

ഡോളര്‍ കടത്ത് കേസ്; സന്തോഷ് ഈപ്പന് ജാമ്യം

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന് ജാമ്യം. വിചാരണകോടതിയാണ് ജാമ്യം അനുവദിച്ചത്. ലൈഫ് മിഷനിലെ കോഴപ്പണം സന്തോഷ് ഈപ്പന്‍ ഡോളറാക്കി മാറ്റിയെന്നാണ് കേസ്. കര്‍ശന ഉപാധികളോടെ ജാമ്യമാകാമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. കേസില്‍ സന്തോഷ് ഈപ്പന്‍ അഞ്ചാം പ്രതിയാണ്.

ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ പദ്ധതിയുടെ നിര്‍മാണ കരാര്‍ യൂണിടാക്കിനാണ്. രാവിലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്. ലൈഫ്മിഷനായി നല്‍കിയ കമ്മീഷന്‍ നിയമവിരുദ്ധമായി ഡോളറാക്കി മാറ്റിയത് അറിയാമായിരുന്നെന്ന് സന്തോഷ് ഈപ്പന്‍.

നോട്ടീസ് നല്‍കിയാണ് വിളിച്ചു വരുത്തിയത്. ഇത് രണ്ടാം തവണയായിരുന്നു സന്തോഷ് ഈപ്പനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തുന്നതും ചോദ്യം ചെയ്യുന്നതും. സന്തോഷ് ഈപ്പനെ മെഡിക്കല്‍ പരിശോധനയ്ക്ക് അതിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴപ്പണമാണ് ഡോളറാക്കി വിദേശത്തേക്ക് കടത്തിയത് എന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ പങ്ക് സന്തോഷ് ഈപ്പനുണ്ട് എന്നും കസ്റ്റംസ് പറയുന്നു. വിദേശത്ത് കടത്താനായി ഡോളര്‍ സ്വരൂപിച്ചത് സന്തോഷ് ഈപ്പനാണ് എന്നാണ് കസ്റ്റംസ് വാദം.

നിലവില്‍ നാല് പേരാണ് ഡോളര്‍ കടത്ത് കേസില്‍ പ്രതികളായിട്ടുള്ളത്. കേസില്‍ അഞ്ചാംപ്രതിയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്‍. സരിത്ത്, സ്വപ്ന, സന്ദീപ്, ശിവശങ്കര്‍ എന്നിവരാണ് ആദ്യം പ്രതിപട്ടികയില്‍ ഉണ്ടായിരുന്നത്.

Leave A Reply
error: Content is protected !!