പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചു. സിപിഐഎമ്മും ബിജെപിയും ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
മോദിക്കും പിണറായിക്കും ജനങ്ങളുടെ ദു:ഖം കാണാനാകില്ലെന്നും ജനങ്ങളോട് ഒരു കൂറുമില്ലാത്തവരാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. മുതിർന്ന കോൺഗ്രസ് നേതാക്കൾ, കെപിസിസി ഭാരവാഹികൾ, എംഎൽഎമാർ തുടങ്ങിയവരും സത്യാഗ്രഹം സമരത്തിൽ പങ്കെടുത്തു.
ഇന്ധനവില തുടർച്ചയായ ഒന്‍പതാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 84 കടന്നു. പെട്രോൾ വിലയാകട്ടെ 89.56 രൂപയായി. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപയിലെത്തി. 85.51 രൂപയാണ് ഡീസല്‍ വില. കോഴിക്കോട് പെട്രോളിന് 89 രൂപ 78 പൈസയും ഡീസലിന് 84 രൂപ 39 പൈസയുമായി വര്‍ധിച്ചു.