ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂല സംഘടനയുടെ നേതൃത്വത്തിൽ കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന ടൂൾകിറ്റ് തയാറാക്കാനായി ‘സൂം’ ആപ്പ് വഴിയുള്ള യോഗത്തിൽ പങ്കെടുത്തവരെക്കുറിച്ച് അന്വേഷ ണവുമായി ഡൽഹി പൊലീസ്. ഇതിനായി വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമായ സൂമിന് കത്തെഴുതി ഡൽഹി പൊലീസ്.
സൂം ആപ്പ് വഴി നടന്ന യോഗത്തിൽ മുംബൈയിലെ അഭിഭാഷക നികിത ജേക്കബും പുണെയിലെ എൻജിനീയർ ശന്തനു മുളുകും ഉൾപ്പെടെ 70ൽ പരം ആളുകൾ പങ്കെടുത്തിരുന്നുവെന്നാണ് പൊലീസ് ആരോപിക്കുന്നത് . ഇതിനു പിന്നാലെ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ പരേഡിൽ അക്രമങ്ങൾ ഉണ്ടാകുകയും 500ൽ അധികം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഗൂഗിൾ ഡോക്കുമെന്റിലുള്ള ടൂൾകിറ്റ് ശന്തനു തയാറാക്കിയ ഇമെയിൽ അക്കൗണ്ടിൽനിന്നാണ് പങ്കുവച്ചിരിക്കുന്നതെന്നും ഡൽഹി പൊലീസിന്റെ സൈബർ വിഭാഗം ജോയിന്റ് കമ്മിഷണർ പ്രേംനാഥ് ആരോപിച്ചു. അതെ സമയം ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ (പിജെഎഫ്) സ്ഥാപകൻ മോ ധാലിവാൽ നികിതയെയും ശന്തനുവിനെയും ബന്ധപ്പെട്ടെന്നും കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന പുനീത് എന്ന യുവതി വഴിയാണ് ഇരുവരുമായി ബന്ധപ്പെട്ടതെന്നും പ്രേംനാഥ് വെളിപ്പെടുത്തുന്നു .
അതെ സമയം “ ടൂൾകിറ്റിൽ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായ ഒന്നുമില്ല. ഒരാൾക്ക് പ്രതിഷേധങ്ങളെ പിന്തുണക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യാമെന്നും എന്നാൽ ടൂൾകിറ്റ് കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമത്തെക്കുറിച്ച് അജ്ഞത മൂലമാണെന്നും മുൻ സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത അഭി പ്രായപ്പെട്ടിരുന്നു .