ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഊര് പയ്യന്റെ അശ്വമേധം

ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ ഊര് പയ്യന്റെ അശ്വമേധം

ചെന്നൈ: ചെപ്പോക്ക് എം.എ ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീട് ഇതേ വേദിയില്‍ നടന്ന രണ്ടാം ടെസ്റ്റിലാണ് അതിനുള്ള അനുവാദം ലഭിച്ചത്. അതും 50 ശതമാനം പേര്‍ക്ക് മാത്രം.

ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും സൂപ്പര്‍ താരങ്ങള്‍ കളത്തിലിറങ്ങിയപ്പോഴൊന്നും ഇളകിമറിയാത്ത ഗാലറി, പക്ഷേ ഒരാള്‍ക്കു വേണ്ടി മാത്രം ആര്‍ത്തിരമ്പി. ചെന്നൈയുടെ സ്വന്തം പയ്യന്‍ രവിചന്ദ്രന്‍ അശ്വിന് വേണ്ടി.

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 317 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സ്വന്തമാക്കിയ ജയത്തിന്റെ ക്രെഡിറ്റ് ഒരു പരിധിയോളം അശ്വിന് അവകാശപ്പെട്ടതാണ്.

ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ടിനെ വെറും 134 റണ്‍സില്‍ എറിഞ്ഞിട്ടതിനു പിന്നില്‍ അശ്വിനായിരുന്നു. 23.5 ഓവറില്‍ 43 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തില്‍ ആറിന് 106 റണ്‍സെന്ന നിലയില്‍ തകര്‍ന്നപ്പോഴും ടീമിന് രക്ഷകനായി അശ്വിനെത്തി. ഏഴാം വിക്കറ്റില്‍ കോലിക്കൊപ്പം 96 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ അശ്വിന്‍, സെഞ്ചുറിയുമായി വാലറ്റക്കാരെ കൂട്ടുപിടിച്ച് ഇന്ത്യന്‍ സ്‌കോര്‍ 286-ല്‍ എത്തിച്ചു. 148 പന്തുകള്‍ നേരിട്ട അശ്വിന്‍ ഒരു സിക്‌സും 14 ഫോറുമടക്കം 106 റണ്‍സെടുത്തു. അശ്വിന്റെ സെഞ്ചുറി മികവിലാണ് രണ്ടാം ഇന്നിങ്‌സില്‍ 482 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍വെയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചത്.

Leave A Reply
error: Content is protected !!