ദുബായ് : കോവിഡ് പ്രതിസന്ധിക്കും വിമാനവിലക്കുകൾക്കുമിടയിൽ കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിലേക്കെത്തിയത് 43 ലക്ഷം ഇന്ത്യക്കാർ. എയർപോർട്ട് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് റിപ്പോർട്ട് . ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയതും ഇന്ത്യയിൽ നിന്നാണ്. ആകെ രണ്ടരക്കോടി യാത്രക്കാരാണ് കഴിഞ്ഞവർഷം ദുബായ് എയർപോർട്ടിൽ എത്തിയത്.
ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് യു.കെയിൽ നിന്നാണ്. 19 ലക്ഷം യാത്രക്കാർ. നിലവിൽ യു.എ.ഇയിൽ നിന്ന് യു.കെയിലേക്ക് സർവിസ് നടക്കുന്നില്ല. 18.6 ലക്ഷം യാത്രക്കാരുമായി പാകിസ്താനും 14.5 ലക്ഷവുമായി സൗദി അറേബ്യയും തൊട്ടു പിന്നാലെയുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന എയർപോർട്ടുകളിൽ ഒന്നാണ് ദുബായ്. 2019നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 2019ൽ 8.6 കോടി യാത്രക്കാരാണ് എത്തിയത്. ലോകത്തിലെ ഏറ്റവും തിരക്കുള്ള നാലാമത്തെ വിമാനത്താവളമായിരുന്നു ദുബായ്.രണ്ട് മാസത്തോളം വിമാനങ്ങൾ പൂർണമായും സർവിസ് നിർത്തിവെച്ചതും പലരാജ്യങ്ങളും ഇനിയും യാത്രാ വിമാന സർവിസ് ആരംഭിക്കാത്തതും സർവിസുകൾ വെട്ടിച്ചുരുക്കിയതുമാണ് എണ്ണം കുറയാൻ കാരണം.