റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കേരളത്തിന്റെ വിവിധയിടങ്ങളില്‍ ബോംബ് സ്ഫോടനം നടത്തുമെന്നു കൊച്ചി സിറ്റി പോലീസിനു ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഹരിയാനയിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത് .
ഡല്‍ഹി സ്വദേശി നിധിന് ഏലിയാസ് ഹാലിദ്, ഹരിയാന സ്വദേശി ഹക്കം എന്നിവരെ കൊച്ചിയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. പ്രതികളുമായി തീവണ്ടി മാര്‍ഗം കേരളത്തിലേക്കു തിരിച്ച പോലീസ് സംഘം ബുധനാഴ്ച വൈകുന്നേരത്തോടെ കൊച്ചിയിലെത്തും.
കഴിഞ്ഞ 25ന് എറണാകുളം നോര്‍ത്ത് എസ്ഐ അനസിനാണു മൊബൈലില്‍ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്നു നോര്‍ത്ത് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ തേടി പ്രത്യേക സംഘം ഹരിയാനയിലേക്കു യാത്ര തിരിക്കുകയായിരുന്നു.