സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. പ്രധാന പരിശോധനകളിലെ ഫലങ്ങളിൽ പ്രശ്നങ്ങളില്ലെന്ന് അപ്പോളോ ഗ്ലെനിഗിൽസ് ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഗാംഗുലിയെ ആൻജിയോഗ്രഫിക്ക് വിധേയനാക്കുമെന്ന് മുതിർന്ന ഡോക്ടർ അറിയിച്ചു.  ഭാര്യ ഡോണ, സഹോദരൻ സ്നേഹസിഷ് ഗാംഗുലി എന്നിവർ ആശുപത്രിയിൽ സൗരവ് ഗാംഗുലിക്കൊപ്പമുണ്ട്. 48കാരനായ ഗാംഗുലിക്ക് ചൊവ്വാഴ്ച വൈകിട്ട് മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി കുടുംബവൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച, ഇസിജിയിൽ ചെറിയ വ്യതിയാനം കാണിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ മാസമാദ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.

ഹൃദയധമനികളിൽ മൂന്നിടത്താണ് തടസ്സം കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി സ്റ്റെന്റ് ഘടിപ്പിച്ചു. ഇതിൽ ഒന്നിൽ മാത്രമാണ് സ്റ്റെൻറ്റ് ഇട്ടത്. ഇത്തവണയും സ്റ്റെന്റിങ് നടപടിക്രമങ്ങള്‍ വേണ്ടിവരുമെന്ന് നേരത്തെ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന വുഡ്‌ലാന്‍ഡ്‌സ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അഞ്ചുദിവസത്തെ ആശുപത്രിവാസത്തിനുശേഷം ജനുവരി 7നാണ് അദ്ദേഹം ആശുപത്രി വിട്ടത്.

Leave A Reply
error: Content is protected !!