ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ സമനിലകളുടെ എണ്ണം ആറായി

ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ സമനിലകളുടെ എണ്ണം ആറായി

ജംഷഡ്പൂർ എഫ്സിക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഗോൾരഹിത സമനില പാലിച്ചതോടെ ബ്ലാസ്റ്റേഴ്സിൻ്റെ സീസണിലെ സമനിലകളുടെ എണ്ണം ആറായി. അതിലും സവിശേഷകരമായ ഒരു കാര്യം തോൽവി അറിയാതെയുള്ള ക്ലബിൻ്റെ പ്രയാണം അഞ്ച് മത്സരങ്ങൾ പിന്നിട്ടിരിക്കുന്നു എന്നതാണ്. ഈ അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും മൂന്ന് സമനിലയും. ഒരു ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് ഒത്തിണക്കം കാണിച്ചുതുടങ്ങിയിരിക്കുന്നു.

ഇന്നലെ ആദ്യ മിനിട്ടുകളിലെ ബലാബല പരീക്ഷണങ്ങൾക്കു ശേഷം ആദ്യ പകുതിയിലെ അവസാന 15 മിനിട്ടുകൾ, അഥവാ കൂളിംഗ് ബ്രേക്കിനു ശേഷം ഹാഫ് ടൈം വരെയുള്ള സമയം, കേരള ബ്ലാസ്റ്റേഴ്സിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പാസേജ് ഓഫ് പ്ലേ ആയിരുന്നു. 33ആം മിനിട്ടിൽ സഹലും ഹൂപ്പറും ചേർന്ന ഒരു മികച്ച ബിൽഡപ്പ്. 35ആം മിനിട്ടിൽ ഹൂപ്പർ ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് ആവുന്നു. 41ആം മിനിട്ടിൽ ഹൂപ്പർ വീണ്ടും ചിത്രത്തിൽ. ബോക്സിനു വെളിയിൽ, ഏകദേശം 30 വാര അകലെ നിന്ന് തൊടുത്ത ഒരു ബുള്ളറ്റ് ഷോട്ട് രഹനേഷിൻ്റെ റിയാക്ഷൻ വേഗതയെ പരിഹസിച്ച് ക്രോസ് ബാറിലിടിക്കുന്നു. 43ആം മിനിട്ടിൽ മറെയുടെ ഹെഡറിനും ക്രോസ് ബാർ വഴിമുടക്കുന്നു. അടുത്ത മിനിട്ടിൽ മറെയുടെ ഷോട്ട് സൈഡ് നെറ്റിംഗ് ആവുന്നു. 45ആം മിനിട്ടിൽ പുയ്തിയയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുന്നു. അഞ്ച് ഷോട്ടുകൾ, രണ്ട് ക്രോസ് ബാർ, ഒരു പോസ്റ്റ്, ഒരു സൈഡ് നെറ്റിംഗ്, ഒരു ഓഫ് സൈഡ്, പൂജ്യം ഗോൾ. രണ്ടാം പകുതിയിലും ഒരു സൈഡ് നെറ്റിംഗ് ഉണ്ടായി. നിർഭാഗ്യമല്ലാതെ മറ്റെന്താണ് ഇത്.

Leave A Reply
error: Content is protected !!