കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തികമായി ഏറ്റവും വിഷമമനുഭവിക്കുന്ന ക്ലബ്ബുകളിലൊന്നാണ് ബാഴ്സലോണ. കഴിഞ്ഞ കുറച്ചു സീസണുകളിലെ വമ്പൻ ട്രാൻഫറുകളിൽ നിന്നും കോവിഡ് മഹാമാരിക്കു ശേഷവുമുണ്ടായ മുഴുവൻ ബാധ്യതയും കണക്കാക്കി ക്ലബ്ബിൻ്റെ സാമ്പത്തിക റിപ്പോർട്ട് പുറത്തു വിട്ടിരിക്കുകയാണ് ബാഴ്സലോണ.
പുറത്തുവിട്ട കണക്കുകളിൽ മൊത്തം ബാധ്യത 1.2 ബില്യൺ യൂറോയായി ഉയർന്നിട്ടുണ്ടെന്നും അതിൽ 730 മില്യൺ യുറോ പരിമിത കാലത്തിനുള്ളിൽ അടച്ചു തീർക്കേണ്ടതാണെന്നും വ്യക്തമാക്കുന്നുണ്ട്.എന്നാൽ ബാഴ്സയുടെ ഈ സ്ഥിതിവിശേഷത്തേക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബാഴ്സ പരിശീലകനായ കൂമാൻ.
ബാഴ്സയുടെ കടബാധ്യത താരങ്ങളുടെ പ്രകടനത്തെ ഒരിക്കലും ബാധിക്കില്ലെന്നാണ് കൂമാൻ വ്യക്തമാക്കിയത്. ബാഴ്സക്ക് പുറമെ പല ക്ലബ്ബുകൾക്കും ഇതേ അവസ്ഥ തന്നെയാണെന്നാണ് കൂമാൻ ചൂണ്ടിക്കാണിച്ചത്. കോപ്പ ഡെൽ റേയിൽ റായോ വയ്യെക്കാനോക്കെതിരായ മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.