യു ഡി എഫിൽ സീറ്റു വിഭജനം കീറാമുട്ടി : എല്ലാ കക്ഷികൾക്കും അധിക സീറ്റ് വേണം

യു ഡി എഫിൽ സീറ്റു വിഭജനം കീറാമുട്ടി : എല്ലാ കക്ഷികൾക്കും അധിക സീറ്റ് വേണം

യു ഡി എഫിൽ ഘടക കക്ഷികൾക്ക് സീറ്റു വിഭജനം കീറാമുട്ടിയായി . എല്ലാ കക്ഷികളും കൂടുതല്‍ സീറ്റിന്‌ അവകാശവാദമുയര്‍ത്തുന്നതിനാൽ ഐശ്വര്യകേരള യാത്രയ്‌ക്കു മുമ്പ്‌ സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കാനുള്ള കോണ്‍ഗ്രസ്‌ നീക്കത്തിനു തിരിച്ചടിയായി .

മുസ്ലിം ലീഗും ആര്‍.എസ്‌.പിയും സി എം പിയുമാണ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നത് . എന്നാൽ പഴയതില്‍ ഒരു സീറ്റ്‌ പോലും വിട്ടുകൊടുക്കില്ലെന്ന കടുത്തനിലപാടില്‍ ഉറച്ചു നിൽക്കുകയാണ് കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം.

ജോസ്‌ കെ.മാണിയും , വീരേന്ദ്രകുമാറിന്റെ ലോക്‌താന്ത്രിക്‌ ജനതാദളും മുന്നണി വിട്ട സാഹചര്യത്തില്‍ അവര്‍ മത്സരിച്ച സീറ്റുകളിലെ വിഹിതങ്ങള്‍ വേണമെന്ന നിലപാടിലാണ്‌ ഘടകകക്ഷികള്‍.
മുസ്ലിം ലീഗ്‌ 30 സീറ്റും ആര്‍.എസ്‌.പി. ഏഴു സീറ്റുമാണ്‌ ആവശ്യപ്പെടുന്നത്‌. പതിനഞ്ചു സീറ്റില്‍ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടില്‍ ജോസഫും.

ലീഗിന്‌ ഒന്നോ രണ്ടോ സീറ്റുകള്‍ കൂടുതല്‍ നല്‍കിയേക്കുമെങ്കിലും ജോസഫിന്റെ വാദം അംഗീകരിക്കുന്ന മട്ടില്ല. ജോസ്‌ കെ. മാണി മുന്നണിവിട്ടതോടെ കോട്ടയം ജില്ലയിലെ സീറ്റുകളില്‍ കണ്ണുവച്ച്‌ കോണ്‍ഗ്രസില്‍ തന്നെ നിരവധി നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു.

ആര്‍.എസ്‌.പി, കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌) കക്ഷികള്‍ക്കുള്ള സീറ്റുകള്‍ പഴയപടി തുടരാനാണ്‌ സാധ്യത. സി.എം.പിക്ക്‌ ഒന്നിനു പകരം രണ്ടും പുതുതായി വന്ന ഫോര്‍വേഡ്‌ ബ്ലോക്കിന്‌ ഒരു സീറ്റും നൽകാനാണ് സാധ്യത .

സി എം പി യിലെ സി പി ജോണിന് സുരക്ഷിതമായ ഒരു മണ്ഡലം നൽകണമെന്നും അത് തിരുവനന്തപുരമോ വട്ടിയൂർക്കാവോ നൽകണമെന്നാണ് ആവശ്യം . കഴിഞ്ഞ രണ്ടു തവണ മത്സരിച്ചു തോറ്റ കുന്നംകുളം സീറ്റിൽ ഇപ്രാവശ്യം മത്സരിക്കാനില്ലെന്നാണ് സി എം പി പറയുന്നത് .

കൂടാതെ ഏറ്റവും ഒടുവിൽ എം വി രാഘവൻ മത്സരിച്ച നെന്മാറയും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം . നെന്മാറ കിട്ടിയാൽ വിജയകൃഷ്ണൻ ആയിരിക്കും സ്ഥാനാർത്ഥി . ഫോർവേർഡ് ബ്ളോക് കൊല്ലം സീറ്റാണ് ആവശ്യപ്പെടുന്നത് .

ഈ സീറ്റ് കിട്ടിയാൽ അഖിലേന്ത്യ സെക്രട്ടറി ദേവരാജനായിരിക്കും മത്സരിക്കുക . ഇവിടെ ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണ മത്സരിക്കാൻ കച്ചകെട്ടിയിരിക്കുകയാണ് . ഈ സീറ്റിനായി ആർ എസ് പി യും അവകാശവാദ മുന്നയിച്ചിട്ടുണ്ട് .

മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗവുമായും വരും ദിവസങ്ങളില്‍ ഉഭയകക്ഷിചര്‍ച്ച നടക്കുമെന്നാണ്‌ സൂചന. ഈ ചര്‍ച്ചയുടെ ഫലസൂചനയനുസരിച്ച്‌ തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റു ഘടകകക്ഷികളുമായും ചര്‍ച്ച നടക്കും.

കഴിഞ്ഞതവണ കോണ്‍ഗ്രസ്‌-87, മുസ്ലിംലീഗ്‌-24, കേരള കോണ്‍ഗ്രസ്‌ (എം)15, ലോക്‌താന്ത്രിക്‌ ജനതാദള്‍-7, ആര്‍.എസ്‌.പി-5, കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌-1, സി.എം.പി-1 എന്നിങ്ങനെയായിരുന്നു സീറ്റ്‌ നില.
ഏതായാലും ഐശ്വര്യകേരള യാത്രയ്‌ക്കു മുമ്പ് ഇതൊക്കെ വിഭജിച്ചു കൊടുക്കാൻ പറ്റുമോയെന്നാണ് സംശയം

ഘടക കക്ഷികൾ നോട്ടമിട്ടിരിക്കുന്ന പല സീറ്റുകളിലും കോൺഗ്രസ്സിന്റെ നേതാക്കന്മാർ ഇതിന് മുന്നേ തന്നെ പ്രവർത്തനവും തുടങ്ങി വച്ചതു കോൺഗ്രസ്സിനെ വെട്ടിലാകും .

Leave A Reply
error: Content is protected !!