ഖത്തറിൽ മൂല്യവർധിത നികുതി നടപ്പാക്കാനൊരുങ്ങുന്നു.ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഈയിടെ ഒപ്പുവെച്ച കരാർ പ്രകാരമാണിത്. ജി.സി.സി മുന്നോട്ടുവെച്ച വാറ്റ് ചട്ടങ്ങൾക്ക് ഖത്തർ നേരത്തേ തന്നെ അംഗീകാരം നൽകിയിരുന്നു. വാറ്റ് നടപ്പിൽ വരുത്തുന്നതിനാവശ്യമായ അടിയന്തര സംവിധാനങ്ങളും നടപടികളും ഖത്തർ ജനറൽ ടാക്സ് അതോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.
ഈ വർഷംതന്നെ വാറ്റ് നടപ്പാക്കുന്നതിനുള്ള സർക്കാർ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും ഈ രംഗെത്ത വിദഗ്ധർ പറയുന്നു. നിലവിലെ നികുതി സംവിധാനത്തിൽ ഖത്തർ വരുത്തിയ മാറ്റങ്ങളെല്ലാം സമീപഭാവിയിൽ തന്നെ വാറ്റ് നടപ്പാക്കുമെന്നതിലേക്കാണ് സൂചന നൽകുന്നത്. കോവിഡ്–19നെ തുടർന്നുണ്ടായ പ്രതിസന്ധികൾ നിലവിലെ വ്യാപാരം ശക്തിപ്പെടുത്തുന്നതിലേക്ക് സർക്കാറുകളെ നിർബന്ധിപ്പിച്ചതായി ഇ.വൈ ബിസിനസ് ടാക്സ് ഉപദേശക സമിതിയായ അഹ്മദ് അദ്ദുസൂകി പറഞ്ഞു.