പണിക്കു പോകാതെ കറങ്ങി നടന്ന മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷൻ

പണിക്കു പോകാതെ കറങ്ങി നടന്ന മരുമകന് അമ്മായിയമ്മയുടെ ക്വട്ടേഷൻ

എഴുകോൺ:  ബൈക്ക് യാത്രികരായ യുവദമ്പതികളെ അടിച്ചുവീഴ്ത്തി  സ്വർണമാല കവർന്ന സംഭവം യുവതിയുടെ അമ്മ നൽകിയ ക്വട്ടേഷനെന്നു പൊലീസ്.  കേരളപുരം കല്ലൂര്‍വിളവീട്ടില്‍ നജി(48)യാണ് പിടിയിലായത്. എഴുകോണ്‍ കാക്കക്കോട്ടൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്പതിമാരെ മര്‍ദിച്ച് മാലകവര്‍ന്ന സംഭവം ക്വട്ടേഷന്‍ ആക്രമണമാണെന്നു പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഡിസംബര്‍ 23-ന് രാത്രി ഏഴിനായിരുന്നു സംഭവം. നജിയുടെ മകള്‍ അഖിനയും ഭര്‍ത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. ഇരുവരെയും മര്‍ദിച്ചശേഷം അഖിനയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കവര്‍ന്നു. അക്രമിസംഘത്തില്‍പ്പെട്ട മങ്ങാട് സ്വദേശി ഷഹിന്‍ഷാ (29), വികാസ് (34), കിരണ്‍ (31) എന്നിവരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ക്വട്ടേഷന്‍ കഥ പുറത്തായത്.

മരുമകൻ ജോലിക്കു പോകാതെ കറങ്ങിനടക്കുന്നതിലും ഉപദ്രവിക്കുന്നതിലും മനംനൊന്താണു മർദിക്കാൻ ക്വട്ടേഷൻ നൽകിയതെന്നു നജി പൊലീസിനോടു സമ്മതിച്ചു. മുൻപരിചയമുള്ള ഷെബിൻഷായെ ബന്ധപ്പെട്ടാണു നജി ക്വട്ടേഷൻ ഉറപ്പിച്ചത്. ഇയാളാണു മറ്റുള്ളവരെ സംഘടിപ്പിച്ചത്. ഇതിൽ ഒരു പ്രതിയായ കിളികൊല്ലൂർ സ്വദേശി സച്ചു ഒളിവിലാണ്. പൊലീസ് എത്തിയപ്പോഴേക്കും സ്ഥലംവിട്ട നജി ഇളയ മകളുമൊത്തു പല ഭാഗങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നു. ഒടുവിൽ വർക്കലയിൽ എത്തിയപ്പോഴാണു പൊലീസ്  പിടികൂടിയത്. 10,000 രൂപയ്ക്കാണു ഷെബിൻഷായ്ക്കു ക്വട്ടേഷൻ നൽകിയത്.

അഖിനയുടെ രണ്ടാം ഭര്‍ത്താവാണ് തൃശ്ശൂര്‍ സ്വദേശിയായ ജോബിന്‍. ജോലിയില്ലാത്ത ജോബിനും അഖിനയും നജിയുടെ ചെലവിലാണ് കഴിഞ്ഞിരുന്നത്. ജോലിക്കുപോകാതെ മകളും മരുമകനും ആഡംബരജീവിതം നയിക്കുന്നതിനെ നജി ചോദ്യംചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ജോബിന്‍ നജിയെ ഉപദ്രവിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!