ദുബായ്: വീടിനുള്ളിൽ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്ത ഇന്ത്യക്കാരന് ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ച് ദുബായ് പ്രാഥമിക കോടതി. യുവതിയെ പീഡനത്തിനിരയാക്കിയ ഇയാൾ വീട്ടിലുണ്ടായിരുന്ന 200 ദിര്‍ഹം മോഷ്ടിക്കുകയും ചെയ്തതായും കോടതി രേഖകളില്‍ പറയുന്നു.39കാരിയായ ഇന്ത്യക്കാരിയാണ് പീഡനത്തിനിരയായത്.
മദ്യലഹരിയിലായിരുന്ന ഇയാള്‍ യുവതിയുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു .2020 ഫെബ്രുവരിയില്‍ ദുബായിലെ നൈഫില്‍ വെച്ചായിരുന്നു സംഭവം.
മകനെ സ്കൂള്‍ ബസില്‍ കയറ്റി വിടുന്നതിനായി പുറത്തേക്ക് പോയ യുവതി, അപ്പാര്‍ട്ട്മെന്റിലേക്ക് തിരികെ പോകുന്നതിനിടെ പ്രതി പിന്തുടരുകയായിരുന്നു. കഴുത്തില്‍ കത്തിവെച്ച ശേഷം വീടിനുള്ളിലേക്ക് കയറാന്‍ പറഞ്ഞു. സഹായത്തിനായി നിലവിളിച്ചെങ്കിലും പരിസരത്ത് ആരുമുണ്ടായിരുന്നില്ല. തുടർന്ന് ബലം പ്രയോഗിച്ച് വീടിന്റെ കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു – യുവതിയുടെ മൊഴിയില്‍ പറയുന്നു.
പീഡന വിവരം പൊലീസിനെ അറിയിച്ചാല്‍ നഗ്ന വീഡിയോ ദൃശ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പ്രതി, തന്നെ എപ്പോഴും നിരീക്ഷിച്ചിരുന്നതായി അയാള്‍ പറഞ്ഞുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. യുവതി ഭര്‍ത്താവിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹമാണ് നൈഫ് പൊലീസിൽ പരാതിപ്പെട്ടത് .
തുടർന്ന് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച 200 ദിര്‍ഹത്തില്‍ ബാക്കിയുണ്ടായിരുന്ന 135 ദിര്‍ഹം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.