കളമശേരിയിൽ പതിനേഴുകാരന് ക്രൂരമര്‍ദനം; ഏഴു പേർക്കെതിരെ കേസെടുത്തു

കളമശേരിയിൽ പതിനേഴുകാരന് ക്രൂരമര്‍ദനം; ഏഴു പേർക്കെതിരെ കേസെടുത്തു

കൊച്ചി: എറണാകുളം കളമശ്ശേരിയിൽ പതിനേഴുകാരനെ ക്രൂരമായി മർദിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍ നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും.

ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17-കാരനെ കൂട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.  ഇവരുടെ മാതാപിതാക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തുയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മർദനമേറ്റ 17കാരൻ കളമശേരി മെഡിക്കൽ കോളജിൽ ചികിൽസ തേടി.നാലുസുഹൃത്തുക്കൾ കുട്ടിയെ അതി ക്രൂരമായി മർദിച്ചത് എന്നാണ് വിവരം. 10 മിനിട്ടോളം വരുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.

ഓരോരുത്തരും ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവശനായ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍നിര്‍ത്തിയും ഉപദ്രവിച്ചു. ക്രൂരമര്‍ദനത്തിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കളമശ്ശേരി ഗ്ലാസ് കോളനിയില്‍ നടന്ന സംഭവം പുറംലോകമറിഞ്ഞത്. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മർദനമേറ്റത്. ജയിൽ മുറികളിലും ആഫ്രിക്കൻ നാടുകളിലെ അടിമകളോടും മറ്റും ചെയ്യുന്ന തരത്തിൽ പുറത്തു വന്നിട്ടുള്ള ദൃശ്യങ്ങളിൽ ഉള്ളതിന് സമാനമായ തരത്തിൽ ക്രിമിനലുകളായ സമപ്രായക്കാർ ഇയാളെ ആക്രമിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത്. ഒരു വീടിന്റെ ബാൽക്കണിയിലാണ് മർദനം നടക്കുന്നത് എന്നാണ് ദൃശ്യങ്ങളിൽ മനസിലാകുന്നത്.

Leave A Reply
error: Content is protected !!