പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ച പ്രതികള്‍ മുമ്പും മൃഗങ്ങളെ വേട്ടയാടിയവർ

പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ച പ്രതികള്‍ മുമ്പും മൃഗങ്ങളെ വേട്ടയാടിയവർ

മാങ്കുളം: പുള്ളിപ്പുലിയെ കെണിവെച്ചുകൊന്ന് ഭക്ഷിച്ച സംഘം മുമ്പും മൃഗങ്ങളെ വേട്ടയാടിയിരുന്നതായി കണ്ടെത്തി. ഇതേ സംഘം നേരത്തെ മുള്ളന്‍പന്നിയെ കൊന്ന് കറിവെച്ചിരുന്നുവെന്നാണ് വനം വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവച്ചു പിടിച്ച് ഭക്ഷിച്ചതിന് മുനിപാറ സ്വദേശികളായ പി.കെ.വിനോദ്, വി.പി.കുര്യാക്കോസ്, സി.എസ്.ബിനു, സാലിം കുഞ്ഞപ്പൻ, വിൻസെന്റ് എന്നിവരെ മാങ്കുളം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയസൂര്യന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

വനംവകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. മാങ്കുളം മുനിപ്പാറ സ്വദേശി പി കെ വിനോദ് സ്വന്തം കൃഷിയിടത്തിൽ കെണി ഒരുക്കിയാണ് പുള്ളി പുലിയെ പിടികൂടിയത്. ആറ് വയസ് പ്രായമുള്ള പുലിയെയാണ് കഴിഞ്ഞ ബുധനാഴ്ച കെണിവെച്ച് പിടികൂടിയത്. 40 കിലോയോളം മാംസം ലഭിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ഇതിൽ 10 കിലോ ഇറച്ചി കറിവക്കുകയും ബാക്കി പുഴയിൽ ഒഴുകിയെന്നും പ്രതികൾ മൊഴിനൽകി.

ആറുവയസ്സ് വരുന്ന പുലിക്ക് 50 കിലോ തൂക്കമുണ്ടെന്നാണ് പറയുന്നത്. ഒന്നാംപ്രതി വിനോദാണ് എല്ലാറ്റിനും നേതൃത്വം കൊടുത്തതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!