നാഗർകോവിൽ: തക്കലയിൽ പൊലീസ് വേഷത്തിലെത്തി ജുവലറി ജീവനക്കാരുടെ കൈയിൽ നിന്ന് 80 ലക്ഷം തട്ടിയെടുത്ത അഞ്ചംഗ സംഘം മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിലായി. തൊഴുകൽ, മാവർത്തല സ്വദേശി ഗോപകുമാർ (37), ആനാവൂർ പാരക്കോണം സ്വദേശി സുരേഷ് കുമാർ (34), പെരുങ്കടവിള സ്വദേശി രാജേഷ് കുമാർ (41), കീഴാരൂർ സ്വദേശി സജിൻ കുമാർ (37), മാവർത്തല സ്വദേശി അഖിൽ (29) എന്നിവരാണ് അറസ്റ്റിലായത്.
നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ജംഗ്ഷനിലെ കേരള ഫാഷൻ ജുവലറി നടത്തുന്ന സമ്പത്ത് ചൊവ്വാഴ്ച കടയിലെ ജീവനക്കാരായ ശ്രീജിത്ത്, അമർ, ഗോപകുമാർ എന്നിവരുടെ കൈവശം ഒന്നരക്കിലോ സ്വർണം തിരുനെൽവേലി സ്വദേശിക്ക് കൈമാറി പണം വാങ്ങാൻ ഏല്പിച്ചു. സ്വർണവുമായി നാഗർകോവിലിൽ എത്തിയ ഇവർ അവിടെ നിന്നും ലഭിച്ച 76.40 ലക്ഷം രൂപയുമായി കാറിൽ തിരികെ വരുമ്പോൾ കുമാരകോവിൽ ജംഗ്ഷനിൽ പൊലീസ് വേഷത്തിൽ നിന്ന മോഷണസംഘം തടഞ്ഞുനിർത്തി കവർന്നത്.