പാലക്കാട്: വാളയാർ കേസിലെ പുനർവിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും പാലക്കാട് പോക്സോ കോടതിയിൽ ഹാജരാകും. റെയിൽവേ എസ് പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം ഇന്ന് തുടർ അന്വേഷണത്തിനുള്ള അപേക്ഷ നൽകും. വിചാരണക്കോടതിയായ പാലക്കാട് പോക്സോ കോടതിയും പുനർ വിചാരണ നടക്കാനിരിക്കെയാണ് പുതിയ സംഘം തുടർ അന്വേഷണത്തിനുള്ള അപേക്ഷ നൽകുന്നത്.
വാളയാർ കേസില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികൾ ആരംഭിക്കുന്നത്. ജാമ്യത്തിലുള്ള പ്രതികളായ വി മധു, എം മധു, ഷിബു, എന്നിവര്‍ കോടതിയില്‍ ഇന്ന് ഹാജരാകും. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ.എസ്-രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവർ സംഘത്തിൽ ഉണ്ട്.
പാലക്കാട് പോക്സോ കോടതി വെറുതെ വിട്ട മറ്റൊരു പ്രതിയായ ചേർത്തല സ്വദേശി പ്രദീപ് കുമാർ രണ്ടു മാസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. പ്രായ പൂർത്തിയാകാത്ത പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്. സർക്കാർ നടപടിയിൽ സന്തോഷമുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്നും പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു.