പാറക്കൂട്ടം ദേശീയപാതയോരത്ത്:അപകടകരം

പാറക്കൂട്ടം ദേശീയപാതയോരത്ത്:അപകടകരം

കട്ടപ്പന: പെരുമഴയെത്തുടർന്നുള്ള കുത്തൊഴുക്കിൽ ഒലിച്ചെത്തിയ പാറക്കല്ലുകൾ ദേശീയപാതയോരത്ത് അപകടഭീഷണി ഉയർത്തുന്നു. കല്യാണത്തണ്ട് മലയിൽ നിന്നു ഒലിച്ചെത്തിയ ഭീമൻ പാറക്കല്ലുകളാണ് വാഹനങ്ങൾക്ക് ഭീഷണിയാകുന്നത്.

അടിമാലികുമളി ദേശീയപാതയിൽ ഇടുക്കി എട്ടാംമൈലിനു സമീപമാണ് അപകടം പതിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയെ തുടർന്ന് ഇവയിലൊണ്ണം റോഡിലേക്ക് നിരങ്ങി നീങ്ങിയിരുന്നു. അടിവശത്തെ മണ്ണൊലിച്ചുപോയാൽ കല്ല് റോഡിൽ പതിക്കുന്നതോടെ ഗതാഗതം പൂർണമായും തടസപ്പെടും എന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്.

കഴിഞ്ഞ മഴക്കാലത്താണ് മലമുകളിൽ നിന്നു മണ്ണിടിഞ്ഞ് പാറക്കൂട്ടം എട്ടാംമൈലിലെ വളവിനോടു ചേർന്ന് ഒലിച്ചെത്തിയത്. ഇതുമൂലം ഇടതുവശത്ത് കൂടി വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടാണ്. കൂടാതെ എതിർദിശയിൽ നിന്നുള്ള വാഹനങ്ങൾ കാണാനാകാത്ത സ്ഥിതിയുമുണ്ട്.

മുമ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കല്ലുകൾ മാറ്റാൻ ശ്രമിച്ചെങ്കിലും ഭാരക്കൂടുതലായതിനാൽ വിഫലമായി. പിന്നീട് ഇവ പൊട്ടിച്ചുമാറ്റാനും നടപടിയുണ്ടായില്ല. തിരക്കേറിയ ദേശീയപാതയിലേക്ക് കല്ലുകൾ പതിച്ചാൽ വൻ അപകടത്തിനുകാരണമാകും. അടിയന്തരമായി ഇവ പൊട്ടിച്ചുമാറ്റി ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും വാഹന യാത്രികരുടെയും ആവശ്യം.

Leave A Reply
error: Content is protected !!