നിലമ്പൂർ: മലപ്പുറത്ത് ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തർക്കത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേറ്റു. തർക്കം കത്തികുത്തിൽ കലാശിക്കുകയായിരുന്നു. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയിൽ ആണ് സംഭവം. പ്രദേശത്ത് ഗ്രാമ സഭ കൂടുന്നതിനിടെയാണ് ഡിവൈഎഫ്ഐ പ്രവര്ത്തകന് വെട്ടേറ്റത്.
ഡിവൈഎഫ്ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാൻ(36)നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്ത്(56) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാം വാർഡിലെ ഗ്രാമസഭ യോഗം മുണ്ടേരി നാരങ്ങാപ്പൊയിൽ നടന്നപ്പോൾ ആണ് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നത്. തുടർന്ന് യോഗത്തിന് ശേഷവും ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടാകുകയും ഇത് കത്തിക്കുത്തിൽ അവസാനിക്കുകയും ചെയ്തു.
മുജീബ് റഹ്മാന്റെ കൈവിരലിനാണ് സാരമായി പരിക്കേറ്റത്. ആദ്യം കഴുത്തിനായിരുന്നു വെട്ടിയതെന്നും ഇടത് കൈകൊണ്ട് തടയുന്നതിനിടെയാണ് കൈ വിരലുകൾക്ക് വെട്ടേറ്റതെന്നും മുജീബ് റഹ്മാൻ പൊലീസിന് മൊഴി നല്കി.ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മുജീബ് റഹ്മാനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.