വെള്ളാർ ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

വെള്ളാർ ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കുടുംബശ്രീയെയും പ്രാദേശിക ജനസമൂഹത്തെയും ഉൾപ്പെടുത്തിക്കൊണ്ട് അന്യം നിന്നുപോകുന്ന പരമ്പരാഗത കരകൗശല വിദ്യകളെയും പൈതൃക സിദ്ധികളെയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെള്ളാർ ക്രാഫ്റ്റ് വില്ലേജിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.പരമ്പരാഗത കരകൗശല ഉത്പന്നങ്ങൾ മെച്ചപ്പെടുത്താൻ, ഇവർ നിർമിക്കുന്ന വസ്തുക്കൾ വൈവിധ്യവത്ക്കരിച്ച് ലോകോത്തര നിലവാരം ഉറപ്പാക്കേണ്ടതുണ്ട്. ഈ രംഗത്തെ കലാകാരൻമാർക്ക് മാന്യമായ വേതനം ഉറപ്പാക്കിയാൽ മാത്രമേ മികവും ഭാവനയും ഉള്ളവരെ ആകർഷിക്കാനാവൂ. പാരമ്പര്യ വിജ്ഞാനവും കഴിവുമുള്ള പ്രതിഭാശാലികളെ ഈ രംഗത്തെത്തിച്ച് ആധുനിക സാങ്കേതിക വിദ്യയെ പരമ്പരാഗത രംഗവുമായി കൂട്ടിയിണക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനാവശ്യമായ പരിശീലനം നൽകും. ഇതിനൊപ്പം ഓൺലൈൻ വിപണന സാധ്യതയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ലോകത്തിന് മാതൃകയായ മാനവവിഭവശേഷിയാണ് ഇവിടെയുള്ളത്. ഇവരുടെ കഴിവുകൾ ഇവിടെത്തന്നെ പ്രയോജനപ്പെടുത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്‌ളാസ്റ്റിക്, സ്റ്റീൽ, അലുമിനിയം ഉത്പന്നങ്ങളുടെ വരവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമാണം വ്യാപകമായതും കാർഷിക രംഗത്തെ യന്ത്രവത്ക്കരണവും പരമ്പരാഗത കൈത്തൊഴിൽ കരകൗശല രംഗത്തിന് വലിയ മങ്ങലേൽപ്പിച്ചു. നാടൻ സാങ്കേതിക വിദ്യ അന്യം നിന്നുപോയി. ഈ രംഗത്തുള്ളവർക്ക് ഉപജീവനം കണ്ടെത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്.

ടൂറിസം മേഖല നിരവധി വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോവുകയാണ്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി ചെറുതല്ല. 40000 കോടി രൂപയുടെ നഷ്ടമാണ് ടൂറിസം രംഗത്തുണ്ടായത്. വലിയ തോതിൽ തൊഴിൽ നഷ്ടവും ഈ മേഖലയിലുണ്ടായി.പരിസ്ഥിതിക്കും പൈതൃകത്തിനും പോറലേൽപ്പിക്കാതെ പരമാവധി സൗകര്യം സഞ്ചാരികൾക്ക് ഒരുക്കാൻ സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിരാശരാകാതെ പുതിയ കുതിപ്പിനുള്ള സമയമായി വേണം കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടര ഏക്കറിലുള്ള വെള്ളാർ ക്രാഫ്റ്റ് വില്ലേജ് ടൂറിസം, കൈത്തൊഴിൽ, കരകൗശല രംഗങ്ങൾക്ക് ഒരു പോലെ പ്രയോജനപ്പെടും. വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് കേരളത്തിന്റെ തനതു കലാരൂപം പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ക്രാഫ്റ്റ് വില്ലേജ് നിർമിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉത്തരവാദിത്വ ടൂറിസം പദ്ധതികളിലൂടെ തദ്ദേശ ജനതയുടെ വികസനം സാധ്യമാവുകയും പ്രാദേശിക തലത്തിൽ തൊഴിൽ സൃഷ്ടിക്കാൻ കഴിഞ്ഞതായും യോഗത്തിൽ അധ്യക്ഷത വഹിച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ക്രാഫ്റ്റ് വില്ലേജ് തിരുവനന്തുരം ജില്ലയുടെ ടൂറിസം സാധ്യതകൾ വലിയതോതിൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രാഫ്റ്റ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്ന കളരി അക്കാദമിയുടെ കൺസെപ്റ്റ് പുസ്തകം പദ്മശ്രീ മീനാക്ഷി അമ്മയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു. ശശി തരൂർ എം പി യുടെ വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ഡയറക്ടർ പി.ബാലകിരൺ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി മൻമോഹൻ, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് ശ്രീകുമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, യു എൽ സി സി ചെയർമാൻ രമേശൻ പാലെരി, എം.ഡി എസ്. ഷാജു, ടൂറിസം സംരഭകൻ ഇ.എം നജീബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!