മുംബൈ: കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ വമ്പന്മാരെ മലർത്തിയടിച്ച കേരളം സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂർണെമന്റിൽ ദുർബലരായ ആന്ധ്രക്കെതിരെ മുന്നോട്ടുവെച്ചത് 113 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തിലാണ് 20 ഓവറിൽ 112 റൺസെടുത്തത്.
ശരദ് പവാർ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ കൃത്യമായ ലൈനിൽ ആന്ധ്ര പന്തെറിഞ്ഞതോടെ കൂറ്റനടികൾക്ക് കഴിയാതെ കേരളം കുഴങ്ങുകയായിരുന്നു. 34 പന്തിൽ ഒരു ഫോറും നാലു സിക്സുമടക്കം പുറത്താകാതെ 51 റൺസെടുത്ത സചിൻ ബേബിയും 34പന്തിൽ ഒരു ഫോറടക്കം 27 റൺസെടുത്ത ജലജ് സക്സേനയുമൊഴികെ ആർക്കും തിളങ്ങാനായില്ല.
മുംബൈയെ തോൽപിച്ച മത്സരത്തിലെ ഹീറോ മുഹമ്മദ് അസ്ഹറുദ്ദീൻ 12 പന്തിൽ 12റൺസെടുത്ത് പുറത്തായപ്പോൾ ഡൽഹിക്കെതിരായ മത്സരത്തിൽ തിളങ്ങിയ റോബിൻ ഉത്തപ്പ 17 പന്തിൽ എട്ടും വിഷ്ണു വിനോദ് ഒമ്പതു പന്തിൽ നാലും റൺസാണെടുത്തത്.
ക്യാപ്റ്റൻ സഞ്ജു സാംസണിന് തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങാനായില്ല. 14 പന്തു നേരിട്ട സഞ്ജു ഒരു ഫോറടക്കം ഏഴു റൺസെടുത്ത് പുറത്താവുകയായിരുന്നു.