കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റാരോപണങ്ങളിൽ ഭാഗിക മാറ്റങ്ങൾ വരുത്താൻ കോടതി അനുവാദം നൽകി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു. ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവരെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പടെ ആരോപണങ്ങളാണ് ദിലീപിനെതിരെയുള്ളത്.
ഇതില്‍ ഭാഗികമായ മാറ്റങ്ങള്‍ വരുത്താനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കുറ്റപത്രത്തില്‍ മാറ്റം വരുത്തുന്നതിനെതിരെ പ്രതിഭാഗം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നല്കിയ ഹരജി കോടതി ജനുവരി 19 നു പരിഗണിക്കും.
ഈ മാസം 21ന് കേസിന്റെ രഹസ്യ വിചാരണ വീണ്ടും തുടങ്ങും. കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ അന്ന് വിസ്തരിക്കും. വിചാരണക്കോടതിയോടുളള അതൃപ്തി പ്രകടിപ്പിച്ച് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവച്ചതിനെ തുടർന്ന് വിചാരണ മുടങ്ങിയിരുന്നു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണ് വിചാരണ പുനരാരംഭിക്കുന്നത്.