കട്ടപ്പന: മദ്യം വാങ്ങാനെത്തിയയാൾ ബിയർകുപ്പി പൊട്ടിച്ച് ബിവറേജ് ജീവനക്കാരനെ കുത്തി പരിക്കേൽപിച്ചു. നരിയംപാറ തെക്കേക്കുറ്റ് സന്തോഷ് ഏബ്രഹാമിനാണ് കുത്തേറ്റത്. സംഭവത്തിൽ തങ്കമണി സ്വദേശിയും ജെസിബി ഡ്രൈവറുമായ പ്രദോഷിനെതിരെ പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. പരിക്കേറ്റ സന്തോഷിനെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ ഇടതുകൈയിലാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം 4.30-ഓടെയാണ് സംഭവം. മദ്യം വാങ്ങാനെത്തിയ പ്രദോഷ് അരക്കുപ്പി മദ്യവും ബിയറുമാണ് ആവശ്യപ്പെട്ടത്. ജീവനക്കാർ കാൽകുപ്പി (ക്വാട്ടറും) ബിയറും നൽകി. താൻ ആവശ്യപ്പെട്ടത് അരക്കുപ്പി മദ്യമാണെന്ന് പറഞ്ഞതോടെ ജീവനക്കാർ ഇത് മാറി നൽകുകയും ചെയ്തു.
പ്രകോപിതനായ ഇയാൾ കടയുടെ മുന്നിൽനിന്ന് അസഭ്യം പറഞ്ഞതോടെ ജീവനക്കാർ പുറത്തേക്കിറങ്ങി ചെന്നു. ഇതോടെ കൈയിലിരുന്ന ബിയർകുപ്പി പൊട്ടിച്ച പ്രദോഷ സന്തോഷിനെ കുത്തുകയായിരുന്നു. ഉടൻതന്നെ ബൈക്കിൽ കയറി മറ്റൊരാൾക്കൊപ്പം ഇയാൾ രക്ഷപെടുകയും ചെയ്തു. പ്രദോഷിനെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയതായി കട്ടപ്പന എസ്ഐ സന്തോഷ് സജീവൻ അറിയിച്ചു.