“ബിവറേജസ് കോർപ്പറേഷനെ ഒരു കളിപ്പാവ ആക്കുകയാണ് സർക്കാർ” : രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന് ഡിസ്റ്റിലറികൾ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയിൽ ഏഴ് ശതമാനം വർദ്ധനനവിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 14 ശതമാനമാണ് മദ്യത്തിന്റെ വിലയ്ക്ക് വർധന ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 140 കോടി രൂപയുടെ വരുമാനമാണ് പ്രതിമാസം ഡിസ്റ്റിലറി മുതലാളിമാർക്ക് ലഭിക്കുന്നതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കിലൂടെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ്റയും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ്റെയും പാർട്ടി സെക്രട്ടറിയുടെയും നേതൃത്വത്തിൽ മദ്യ മുതലാളിമാരുമായുള്ള എകെജി സെന്ററിലെ ബാക്ഡോർ ചർച്ചയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയതെന്നും ബിവറേജസ് കോർപ്പറേഷനെ ഒരു കളിപ്പാവ ആക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റ്: 

ബിവറേജസ് കോർപ്പറേഷന് ഡിസ്റ്റിലറികൾ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വിലയിൽ ഏഴ് ശതമാനം വർദ്ധന ഉണ്ടായിരിക്കുകയാണ്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 14 ശതമാനമാണ് മദ്യത്തിന്റെ വിലയ്ക്ക് വർധന ഉണ്ടായിരിക്കുന്നത്. ഇതിലൂടെ 140 കോടി രൂപയുടെ വരുമാനമാണ് പ്രതിമാസം ഡിസ്റ്റിലറി മുതലാളിമാർക്ക് ലഭിക്കുന്നത്. ഒരു വർഷത്തെ ബിസിനസ് ഏകദേശം 1680 കോടി രൂപ വരും. ഇതിൽ ആണ് ഏഴ് ശതമാനം വർദ്ധന നൽകുന്നത്. ഈ സർക്കാരിൻ്റെ കാലത്ത് 250 കോടിയോളം രൂപ ഇവർക്ക് വരുമാന വർധന ഉണ്ടായിട്ടുണ്ട്.
ഇതിൽ ഗുരുതരമായ ക്രമക്കേടും അഴിമതിയും ഉൾപ്പെട്ടിട്ടുണ്ട് എന്നത് പകൽ പോലെ വ്യക്തമാണ്. ബിവറേജസ് കോർപ്പറേഷൻ എം ഡി യുടെ നേതൃത്വത്തിൽ ഒരു തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി നടപ്പിലാക്കുന്ന വർധനയാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റയും എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ്റെയും പാർട്ടി സെക്രട്ടറിയുടെയും നേതൃത്വത്തിൽ മദ്യ മുതലാളിമാരുമായുള്ള എകെജി സെന്ററിലെ ബാക്ഡോർ ചർച്ചയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്. ബിവറേജസ് കോർപ്പറേഷനെ ഒരു കളിപ്പാവ ആക്കുകയാണ് സർക്കാർ. മദ്യമുതലാളിമാരുടെ പിൻബലത്തിലാണ് ഈ സർക്കാർ അധികാരമേറ്റത് തന്നെ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സിന്റെ അടിസ്ഥാനം ഇവരാണ്. ഇത്തരം ഇടപാടുകളുടെ പേരിലാണ് മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് സ്ഥലംകാലിയാക്കിയത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പണപ്പിരിവാണ് മദ്യത്തിന്റെ ഈ വിലവർധനയുടെ യഥാർത്ഥ ഉദ്ദേശം. ഇത് അഴിമതിയാണ്, ഗുരുതരമായ വീഴ്ചയാണ്, സർക്കാർ സ്ഥാപനങ്ങളുടെ ദുരുപയോഗമാണ്.

Leave A Reply
error: Content is protected !!