ഷഫീക്കിന്‍റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

ഷഫീക്കിന്‍റെ കസ്റ്റഡി മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എറണാകുളം ജില്ലാ ജയിലിൽ വെച്ച് മരിച്ച സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി ഷഫീക്കിന്‍റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല. പോലിസിന്റെ ക്രൂരമര്‍ദ്ധനം മൂലമാണ് ഷഫീക്ക് മരിച്ചതെന്ന് ഷഫീഖിന്റെ ബന്ധുക്കൾ ആരോപിച്ചു. കൂടാതെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ മരണകാരണം തലയ്‍ക്കേറ്റ ക്ഷതമാണെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്. ഷഫീഖിന്റെ തലയുടെ മുൻഭാഗത്ത് ക്ഷതമേറ്റിട്ടുണ്ട്. ഇടതുകണ്ണിന് മുകളിലായാണ് മുറിവ്.

എന്നാൽ മുറിവ് ഉണ്ടായത് വീഴ്‍ചമൂലമാണോ അതോ മർദ്ദനം മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. വീട്ടിൽ പൊതു ദർശനത്തിന് വെച്ച ശേഷം രാത്രി 8.15 ഓടെ നൈനാർ പള്ളിയിൽ മൃതദേഹം കബറടക്കി. അതേസമയം പ്രതിയെ റിമാന്‍റില്‍ പ്രവേശിപ്പിച്ചിരുന്ന ബോർസ്റ്റൽ സ്‌കൂളിലും ജനറൽ ആശുപത്രിയിലും തെളിവെടുപ്പ് നടത്തി. ജയിലിലെ പരിശോധന ഒരു മണിക്കൂറിലധികം നീണ്ടു. ജയിലിനുള്ളിലെ ദൃശ്യങ്ങളടക്കം പരിശോധിച്ചു. സൂപ്രണ്ട് അടക്കമുള്ളവർ പോസ്റ്റുമോർട്ടം നടപടികളുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിലാണെന്നും, ഇവരുമായി സംസാരിച്ചതിനു ശേഷമേ നിഗമനത്തിലെത്താൻ കഴിയുവെന്നും ഡി.ഐ.ജി സാം തങ്കയ്യൻ പറഞ്ഞു.

ഷെഫീഖിന് ചികിൽസ നൽകിയ ആശുപത്രികളിലും അടുത്ത ദിവസം പരിശോധന നടത്തും. സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍റിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീക്കിന്‍റെ മരണകാരണം  മർദനമേറ്റതാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് അന്വേഷണത്തിന് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഉത്തരവിട്ടത്.

എറണാകുളം ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്ത റിമാന്‍ഡ് പ്രതി ഷഫീഖ് ഇന്നലെ രാത്രിയാണ് മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷെഫീഖ് പൊലീസ് മർദ്ദനം മൂലമാണ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. തലയിലും ദേഹത്തുമെല്ലാം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളും കണ്ടതായി ബന്ധുക്കള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ അപസ്മാരത്തെ തുടര്‍ന്നാണ് ഷെഫീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം

Leave A Reply

error: Content is protected !!