പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. ഏപ്രിൽ എട്ട് വരെയാണ് സമ്മേളനം. ഫെബ്രുവരി 15നും മാർച്ച് എട്ടിനും ഇടയിൽ 20 ദിവസത്തെ ഇടവേളയോടെയാണ് സമ്മേനം നടക്കുന്നത്.കടലാസിൽ അച്ചടിച്ച കോപ്പിയില്ലാതെ സ്വതന്ത്ര ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന ആദ്യ ബജറ്റാകും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്നത്.കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖല നേരിടുന്ന വെല്ലുവിളി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.
തലസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ബജറ്റ് സമ്മേളനത്തിൽ കോവിഡ് സുരക്ഷാ ഏർപ്പാടുകളും മുൻകരുതലുകളും പഴയതുപോലെ തുടരും. കഴിഞ്ഞ സമ്മേളനത്തിലെന്നപോലെ ഇരുചേംബറിലുമായി വ്യത്യസ്ത സമയത്താണ് ലോക്സഭയും രാജ്യസഭയും ചേരുക. ഇക്കുറി സഭ അഞ്ചുമണിക്കൂർ സമ്മേളിക്കും. ചോദ്യോത്തരവേളയുമുണ്ടാവും. മാധ്യമങ്ങൾക്കുള്ള നിയന്ത്രണം തുടരും. സന്ദർശകരെ അനുവദിക്കില്ല.