വാഹനാപകടത്തിൽ പരിക്കേറ്റ് ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ. നായിക്കിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചു. കൈകൾക്കും കാലിനും പരിക്കേറ്റ 68കാരനായ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണംചെയ്തുവെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.എയിംസിലെ ഡോ.എസ്. രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ നിരീക്ഷിക്കുന്നത്.
തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെ കർണാടകയിലെ അങ്കോളക്കടുത്ത ഹൊസകംബിയിൽ മന്ത്രിയും കുടുംബവും സഞ്ചരിച്ച കാർ മറിഞ്ഞ് മന്ത്രിയുടെ ഭാര്യ വിജയയും േപഴ്സനൽ സെക്രട്ടറി ദീപക് ദുബെയും മരിച്ചിരുന്നു. നോർത്ത് ഗോവയിലെ ബി.ജെ.പി എം.പിയായ ശ്രീപദ് നായിക് ധർമസ്ഥലയിൽനിന്ന് ഗോവയിലേക്കു മടങ്ങുേമ്പാഴായിരുന്നു അപകടം. രാത്രി 11 മണിയോടെയാണ് മന്ത്രിയെ ഗോവ മെഡിക്കൽ കോളജിലേക്കു മാറ്റിയത്.