ആലപ്പുഴ : കോവിഡിനെ അവഗണിച്ച് ജോലിചെയ്തിട്ടും വേതനവും ഇൻസെന്റീവും നൽകാത്തതിനെതിരേ ആശാപ്രവർത്തകരുടെ സമരം. ദേശീയ ആരോഗ്യദൗത്യം ജില്ലാ ആസ്ഥാനത്തേക്കാണു ബുധനാഴ്ച രാവിലെ മുതൽ പ്രതിഷേധവുമായി ആശാവർക്കർമാർ എത്തിയത്. ജനുവരി പകുതിയാകാറായിട്ടും നവംബറിലെ ഓണറേറിയവും ഇൻസെന്റീവും ആശാ വർക്കർമാർക്കു കിട്ടിയിരുന്നില്ല. സർക്കാർ കൃത്യമായി പണം ജില്ലാ ആസ്ഥാനത്തേക്ക് അനുവദിച്ചു നൽകിയിരുന്നു.
ഇവിടെ നിന്ന് ആശാവർക്കർമാരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാതിരുന്നതാണു പ്രശ്നത്തിനു കാരണമായതെന്നാണ് ആരോപണം. സി.ഐ.ടി.യു. നേതൃത്വത്തിലുള്ള ആശാ വർക്കേഴ്സ് യൂണിയനാണു പ്രതിഷേധവുമായി രംഗത്തുവന്നത്. ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് പണമെത്താതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ.