തീയ്യറ്ററുകള്‍ തുറന്നു, ബോധവത്ക്കരണവുമായി തൃശൂർ ജില്ലയിൽ ആരോഗ്യ വകുപ്പും എന്‍സിസിയും

ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച തിയ്യറ്ററുകളില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും തൃശൂര്‍ സെവന്‍ കേരള ഗേള്‍സ് എന്‍ സി സി ബറ്റാലിയന്റെയും ആഭിമുഖ്യത്തില്‍ എന്‍ സി സി കേഡറ്റുകള്‍ ബോധവത്കരണം നടത്തി.

സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ട ബോധവത്ക്കരണ സന്ദേശങ്ങളാണ് രാവിലെ 9നും ഉച്ചയ്ക്ക് 12നുമുള്ള ഷോകള്‍ക്ക് മുന്‍പ് നല്‍കിയത്. ചലച്ചിത്ര മേഖലയിലെ അനിശ്ചിതാവസ്ഥ കണക്കിലെടുത്ത് തിയ്യറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഒരു വര്‍ഷമായുള്ള കോവിഡ് വ്യാപന ഭീതിയില്‍ നിന്നും കേരളം സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായി വിവിധ തൊഴില്‍ മേഖലകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്. കോവിഡ് 19 നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിയ്യറ്ററുകള്‍ തുറക്കുന്നതിന് അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശമുണ്ടായിരുന്നു.

ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെയും എന്‍സിസിയുടെയും ഇടപെടല്‍. സെവന്‍ കേരള ഗേള്‍സ് ബറ്റാലിയന്‍ കമന്റിങ് ഓഫീസര്‍ കേണല്‍ ജോസഫ് ആന്റണി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന, ഇന്‍സ്ട്രക്ടര്‍ മഞ്ജു മോഹന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!