പള്ളിപ്പുറം : യാത്ര ചെയ്ത ബോട്ടിൽ നിന്ന് കായലിൽച്ചാടിയ 60കാരനെ ജീവനക്കാർ രക്ഷിച്ചു. കഴിഞ്ഞ ദിവസം രാവിലെ 6.40-ഓടെ തവണക്കടവ്-വൈക്കം ഫെറിയിലായിരുന്നു സംഭവം നടന്നത്. തവണക്കടവിൽ നിന്ന് ബോട്ടു വിട്ട് കുറച്ചു കഴിഞ്ഞപ്പോഴാണു ചേർത്തല ഒറ്റപ്പുന്ന സ്വദേശിയായ വ്യക്തി കായലിലേക്കു ചാടിയത്. ഇതു കണ്ട ലാസ്കർ എ. ബാബു പിന്നാലെ ചാടി.
അപ്പോഴേക്കും ചാടിയ ആൾ മുങ്ങിത്താഴാൻ തുടങ്ങിയിരുന്നു. നീന്തിയെത്തിയ ബാബു ഇയാളെ ശ്വാസം കിട്ടത്തക്കരീതിയിൽ വെള്ളത്തിൽ ഉയർത്തിപ്പിടിച്ചു. ഇതിനിടെ മുന്നോട്ടുപോയ ബോട്ട് നിമിഷനേരംകൊണ്ട് തിരിച്ചെത്തി. തുടർന്ന് മറ്റു ജീവനക്കാരുടെ സഹായത്തോടെ ഇരുവരേയും ബോട്ടിൽക്കയറ്റി വൈക്കം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബോട്ട് ഡ്രൈവർ ഷിബു, സ്രാങ്ക് അജി, ലാസ്കർ രമേശൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി.