കെജിഎഫ് 2 ടീസർ നീക്കം ചെയ്യണമെന്ന് ആന്റി ടൊബാക്കോ സെൽ; പുകവലി പ്രോത്സാഹിപ്പിച്ചു

കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ടീസറിൽ പുകവലി പ്രോത്സാഹിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി നായകൻ യഷിന് എതിരെ ആന്റി ടൊബാക്കോ സെല്ലിന്റെ നോട്ടീസ്. നിരവധി ആരാധകരുള്ള ഒരു നടൻ മാസ് രംഗങ്ങൾക്കായി പുകവലി ഉപയോഗിക്കുന്നത് അതിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതാണെന്നും സിഗററ്റ് ആന്റ് അദർ ടൊബാക്കോ ആക്റ്റിന്റെ കീഴിലെ സെക്ഷൻ 5ന്റെ ലംഘനമാണെന്നും നോട്ടീസിൽ പറയുന്നു.

‘ടീസറും പോസ്റ്ററും പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതാണ്. സമൂഹമാധ്യമങ്ങളിൽ നിന്ന് ടീസറും പോസ്റ്ററുകളും നീക്കം ചെയ്യണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുകയാണ്. പുകവലിക്കുന്ന ദൃശ്യങ്ങളിൽ എഴുതി കാണിക്കേണ്ട മുന്നറിയിപ്പ് കാണിച്ചിട്ടില്ല. യഷ്, നിങ്ങൾക്ക് ഒരുപാട് ആരാധകരുണ്ട്. നിങ്ങളുടെ ചെയ്തികൾ യുവാക്കളെ വഴിതെറ്റിക്കരുത്. പുകവലിക്കെതിരായ ഞങ്ങളുടെ ക്യാമ്പയിനിൽ താങ്കൾ പങ്കാളിയാവണെമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.’- നോട്ടീസിൽ പറയുന്നു.

തെന്നിന്ത്യ ഒട്ടാകെ തരംഗമായി മാറിയ പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫിന്റെ രണ്ടാം ഭാഗത്ത് കേന്ദ്രകഥാപാത്രമായാണ് യഷ് എത്തുന്നത്. കന്നഡ ചിത്രത്തിൽ നിർമിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും. ചിത്രത്തിൽ വില്ലൻ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ചിത്രത്തിൽ ശ്രീനിധി ഷെട്ടിയാണ് നായിക. ചിത്രത്തിൽ ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാൻഡൻ എന്നിവരും വേഷമിടുന്നുണ്ട്.

Leave A Reply
error: Content is protected !!