കോവിഡ് വാക്സിന്‍ വിതരണത്തിന് ഇടുക്കിജില്ല സുസജ്ജം

കോവിഡ് വാക്സിന്‍ വിതരണത്തിന് ഇടുക്കിജില്ല സുസജ്ജം

ഇടുക്കി:  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ജില്ലയിലെത്തി. പ്രത്യേക താപനിലയില്‍ ക്രമീകരിച്ച ബോക്‌സുകളില്‍ 9240 ഡോസ് വാക്സിനാണ് എറണാകുളത്ത് നിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കൊണ്ടു വന്നത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്സിന്‍ ഇന്നലെ  രാവിലെ 10.45 ന് നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. അവിടെ നിന്നും പ്രത്യേക ട്രക്കുകളില്‍ വാക്സിന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജിയണല്‍ വാക്സിന്‍ സ്റ്റോറില്‍ എത്തിച്ചു. അവിടെ നിന്നാണ് ജില്ലകളിലേക്ക് വിതരണം ചെയ്തത്.

ഇടുക്കി ജില്ലയിലെത്തിച്ച വാക്‌സിന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ വാക്സിന്‍ സ്റ്റോറില്‍ സൂക്ഷിക്കും. നാളെയും (14) മറ്റന്നാളുമായി (15) വാക്സിന്‍ വിതരണ കേന്ദ്രങ്ങളില്‍ എത്തിക്കും.വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി. ഇടുക്കി ജില്ലാ ആശുപത്രിയില്‍ പതിനാറാം തീയതി രാവിലെ 8.30 ന് നിര്‍വഹിക്കും. എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. വാക്സിന്‍ വിതരണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രിയ.എന്‍ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. ഇടുക്കി ജില്ലാ ആശുപത്രി(മെഡിക്കല്‍ കോളേജ് ), തൊടുപുഴ ജില്ലാ ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സിഎച്ച്സി, രാജാക്കാട് സിഎച്ച് സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം , സെന്റ് ജോണ്‍സ് കട്ടപ്പന എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങള്‍.

 

Leave A Reply
error: Content is protected !!