കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കണ്ണൂരില്‍ സ്ഥലം ഏറ്റെടുപ്പിനിടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്‍റെ ആത്മഹത്യാ ശ്രമം

കണ്ണൂര്‍: പാപ്പിനിശ്ശേരി തുരുത്തിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ ദേശീയ പാതാ അധികൃതര്‍ എത്തിയതിനെത്തുടര്‍ന്ന് പ്രതിഷേധം. പ്രതിഷേധക്കാരിൽ ഒരാൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പ്രദേശവാസിയായ രാഹുല്‍ കൃഷ്ണയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നടപടികളുമായി മുന്നോട്ടു പോകുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

വേളാപുരം -പാപ്പിനിശ്ശേരി നിർദ്ദിഷ്ട ദേശീയപാതാ ബൈപ്പാസിലെ തുരുത്തിയിൽ അലൈൻമെന്റിൽ അപാകതകളുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികൾ ഏറെക്കാലമായി സമരത്തിലാണ്. സ്വകാര്യ കമ്പനിയെ സഹായിക്കാൻ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണ് 28 ഓളം കുടുംബങ്ങളുടെ ആരോപണം. ഇതേ തുടർന്ന് ഇവർ സമ്മത പത്രത്തിൽ ഒപ്പിട്ട് നൽകിയിരുന്നില്ല. ഇതിനിടയിലാണ് ഭൂമിയുടേയും വീടുകളുടേയും വില നിശ്ചയിക്കുന്നതിനായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുരുത്തിയിലെത്തിയത്.

രാഹുലിനെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് സമരസമിതി കൺവീനർ നിഷിൽകുമാർ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തത് നീക്കി. പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെ സർവ്വേ നടപടികൾ താത്ക്കാലികമായി നിർത്തിവച്ചു. എന്നാൽ ദേശീയ പാതയ്ക്കായി ഏറ്റെടുത്ത സ്ഥലമാണിതെന്നും പ്രതിഷേധങ്ങൾ മുഖവിലയ്‌ക്കെടുക്കാതെ നടപടികളുമായി മുന്നോട്ട് പോകുമെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 29 വീടുകളാണ് പരിസരത്തുള്ളത്. 12 വീട്ടുകാര്‍ സ്ഥലം വിട്ടുനൽകാൻ സമ്മതം നല്‍കിയിട്ടുണ്ട് എന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്. എന്നാല്‍ വ്യാജ സമ്മതപത്രമാണിതെന്നും അശാസ്ത്രീയമായി റോഡ് നിര്‍മ്മിക്കുന്നതിനെ തുടര്‍ന്ന് തങ്ങളുടെ കോളനി ഇല്ലാതാവുമെന്നുമാണ് നാട്ടുകാരുടെ ആരോപണം.

 

Leave A Reply

error: Content is protected !!