ഭക്ഷണത്തിന്റെ കാശ് ചോദിച്ചപ്പോൾ വർഗീയ കലാപം ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി; ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ചെന്നൈ: ഭക്ഷണം കഴിച്ചതിൻ്റെ കാശ് ചോദിച്ചതിന് ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയ ബിജെപി പ്രവർത്തകർ പിടിയിൽ. ചെന്നൈയിലാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ചിട്ട് പണം ചോദിച്ചപ്പോൾ വർഗീയ കലാപം ഉണ്ടാക്കുമെന്നും അമിത് ഷായെ വിളിക്കുമെന്നുമാണ് മൂന്നു പേരടങ്ങിയ സംഘം ഭീഷണി മുഴക്കിയത്. ബിജെപി പ്രാദേശിക നേതാക്കൾ കൂടിയാണ് ഇവർ. മൂന്നു പേരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ റായ്പേട്ടയിലെ സായിദ് അബൂബക്കർ ഹോട്ടലിൽ വെച്ചായിരുന്നു സംഭവം. കട അടയ്ക്കുന്നതിനു തൊട്ടുമുൻപ് എത്തിയ യുവാക്കൾ ചിക്കൻ ഫ്രൈഡ് റൈസ് ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചതിനു ശേഷം പണം നൽകാതെ സ്ഥലം വിടാനൊരുങ്ങിയതോടെ ഹോട്ടൽ ഉടമ യുവാക്കളെ തടഞ്ഞു. ഇതോടെ തങ്ങൾ ബിജെപി നേതാക്കളാണെന്നും കട പൂട്ടിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. ഒരു കോൾ ചെയ്താൽ ആയിരം പേർ എത്തുമെന്നും വർഗീയ കലാപം ഉണ്ടാക്കുമെന്നും ഇവർ ഭീഷണി മുഴക്കി. ഇതോടെ കടയുടമ പൊലീസിനെ വിവരമറിയിച്ചു.