കോവിഡ് വാക്സിന്‍; സന്ദേശം ലഭിച്ചവര്‍ കൃത്യസമയത്ത് കേന്ദ്രത്തില്‍ എത്തണം

കോവിഡ് വാക്സിന്‍; സന്ദേശം ലഭിച്ചവര്‍ കൃത്യസമയത്ത് കേന്ദ്രത്തില്‍ എത്തണം

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ വാക്സിന്‍ ജില്ലയില്‍ 9 കേന്ദ്രങ്ങളില്‍ ജനുവരി 16 മുതല്‍ ആദ്യഘട്ടം രജിസ്ട്രേഷന്‍ പൂര്‍ത്തിയായവര്‍ക്ക് നല്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി ചെങ്ങന്നൂര്‍, ജില്ലാ ആശുപത്രി മാവേലിക്കര, കായംകുളം താലൂക്ക് ആശുപത്രി, ആര്‍.എച്ച്.റ്റി.സി.ചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളാണ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍.

രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന് സമര്‍പ്പിച്ച മൊബൈല്‍ ഫോണിലെ എസ്.എം.എസ്. ശ്രദ്ധിക്കേണ്ടതാണ്. വാക്സിന്‍ എടുക്കേണ്ട തീയതി, എത്തിച്ചേരേണ്ട വാക്സിനേഷന്‍ കേന്ദ്രം, സമയം എന്നിവ എസ്.എം.എസ്.ലൂടെ ലഭ്യമാക്കും. സന്ദേശം ലഭിച്ചവര്‍ കൃത്യമായി കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. എന്നാല്‍ കോവിഡ് രോഗം സ്ഥിരീകരിച്ചതോ നിരീക്ഷണത്തില്‍ കഴിയുന്നവരോ പനി, തൊണ്ടവേദന തുടങ്ങി ലക്ഷണങ്ങള്‍ ഉള്ളവരോ വാക്സിനേഷന്‍ കേന്ദ്രത്തില്‍ പോകേണ്ടതില്ല. സന്ദേശം പിന്നീട് ലഭിക്കുന്നതാണ്.

വാക്സിനേഷന്‍ കേന്ദ്രത്തില്‍ താപ പരിശോധനയ്ക്ക് വിധേയരായി കൈകള്‍ അണുവിമുക്തമാക്കിയ ശേഷം നിങ്ങള്‍ക്ക് ലഭിച്ച എസ്.എം.എസ്.സന്ദേശം പരിശോധിക്കുന്നതാണ്. തുടര്‍ന്ന് കാത്തിരിപ്പു മുറിയില്‍ സാമൂഹിക അകലം പാലിച്ചിരിക്കുക. തുടര്‍ന്ന് രജിസ്ട്രേഷന്‍ സമയത്ത് സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ചുറപ്പാക്കിയ ശേഷം വാക്സിന്‍ നല്കുന്നു. വാക്സിന്‍ എടുത്ത ശേഷം അര മണിക്കൂര്‍ നിരീക്ഷണ മുറിയില്‍ തുടരുക. മുറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പറുകള്‍ സൂക്ഷിക്കുക. എന്തെങ്കിലും പ്രയാസമനുഭവപ്പെട്ടാല്‍ നിര്‍ദ്ദിഷ്ട നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Leave A Reply
error: Content is protected !!