ന്യൂയോർക്ക്: കോവിഡ് രോഗത്തിന് കാരണമാകുന്ന സാര്‍സ് കോവ് 2 വൈറസ് മനുഷ്യരില്‍ സാധാരണയായി കാണുന്ന ജലദോഷത്തിന് കാരണമാകുന്ന കൊറോണ വൈറസുകളോട് സാമ്യമുള്ളതായി തീരുമെന്ന് പഠനങ്ങൾ . ഇത് പകര്ച്ചവ്യാധിയാവുകയും മിക്ക ആളുകളും കുട്ടിക്കാലത്ത് വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് ഇത്തരമൊരു സാധ്യതയുള്ളത്.സയന്‍സ് ജേണലില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. സാധാരണ ജലദോഷമുണ്ടാക്കുന്ന നാല് തരം കൊറോണ വൈറസുകളിലും കോവിഡ് 19-ന് കാരണമായ സാര്‍സ് കോവിലും നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത് .
വൈറസുകളുടെ രോഗപ്രതിരോധശേഷി, പകര്‍ച്ചവ്യാധി സാധ്യത എന്നിവയുടെ വിവരങ്ങള്‍ വിശകലനം ചെയ്തതിലൂടെ സാധാരണ ജനങ്ങളില്‍ സാര്‍സ് കോവ് 2 വൈറസ് വ്യാപിക്കുമ്പോള്‍ അതിന്റെ ശേഷി എങ്ങനെയാകുമെന്ന് പ്രവചിക്കാൻ ഗവേഷകർക്കായി .എന്നാൽ ജലദോഷത്തിന് കാരണമാകുന്ന നാല് കൊറോണ വൈറസുകള്‍ വളരെക്കാലമായി മനുഷ്യരില്‍ വ്യാപിക്കുന്നുണ്ടെന്നും മിക്കവാറും എല്ലാവരും ചെറുപ്പത്തില്‍ തന്നെ രോഗബാധിതരാണെന്നും ഗവേഷകര്‍ കണ്ടെത്തി .
ഏകദേശം മൂന്നു മുതല്‍ 5 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി സാര്‍സ് കോവ് 2-വും മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.പ്രായമായവര്‍ക്ക് അപ്പോഴും രോഗം ബാധിക്കാം, പക്ഷേ, കുട്ടിക്കാലത്ത് അവര്‍ക്കുണ്ടായ അണുബാധ കഠിനമായ രോഗങ്ങളില്‍നിന്ന് രോഗപ്രതിരോധ സംരക്ഷണം നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു.
വാക്സിനുകള്‍ കുറഞ്ഞ കാലത്തേക്ക് സംരക്ഷണം നല്‍കുകയും രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുമ്പോള്‍ മറ്റ് സാധാരണ കൊറോണ വൈറസുകളെപ്പോലെ, സാര്‍സ് കോവ് 2-വും പ്രാദേശികമായ പകര്‍ച്ചവ്യാധിയായിത്തീരുമെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു .
“കുട്ടിക്കാലത്തെ സ്വാഭാവിക അണുബാധ രോഗപ്രതിരോധ ശേഷി നല്‍കുകയും ഇത് പില്ക്കാലത്ത് ആളുകളെ കടുത്ത രോഗങ്ങളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യും. പക്ഷേ, പിന്നീടും രോഗം വരുന്നതിനെ ഇത് തടയുന്നില്ല.” പഠനത്തില്‍ പങ്കാളിയായ എമോറി സര്‍വകലാശാലയിലെ ജെന്നി ലാവിന് പറഞ്ഞു.