വാഷിംങ്ടണ്‍: ട്രംപിനെ ജനപ്രിയ സമൂഹ മാധ്യമങ്ങൾ കൈവിട്ട സാഹചര്യത്തിൽ യുഎസിൽ കൂടുതൽ ലാഭകരമായത് മെസേജിംഗ് ആപ്പ് ടെലഗ്രാമിനാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 545,000 പേർ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയിൽ ടെലഗ്രാം ഡൗൺലോഡ് ചെയ്തു. ഇതിൽ കൂടുതൽ പേരും ട്രംപ് അനുകൂലികളായിരിക്കാം എന്നാണ് റിപ്പോര്‍ട്ട്.
പാർലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഫേസ്ബുക്കും, ട്വിറ്ററും, യൂട്യൂബും വിലക്കേർപ്പെടുത്തിയത്. ട്രംപിനെതിരെ ഏർപ്പെടുത്തിയ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് നിഗമനം .ഈ അവസരം മുതലാക്കിയ കമ്പനികളിലൊന്ന് ടെലഗ്രാം ആണ്. നേരത്തെ ട്രംപിന്റെ ഒഫീഷ്യല്‍ ചാനല്‍ ടെലഗ്രാമില്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേ സമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള തയ്യാറെടുപ്പിലാണ് ട്രംപ് എന്നും വാർത്തകൾ ഉണ്ട് .
ട്രംപിന്റെ ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് അധികൃതർ വ്യക്തമാക്കി. സമൂഹമാധ്യമമായ ഫേസ്ബുക്കിന്റെ ചുമതലക്കാരിലെ രണ്ടാം സ്ഥാനത്തുള്ള ഷെറില്‍ സാന്‍ഡ്ബെര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.