പാലക്കാട്: പാലക്കാട് നഗരസഭാ പരിസരത്തെ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയ സംഭവത്തിലെ പ്രതി പിടിയിൽ. തിരുനെല്ലായി സ്വദേശിയായ ആളെയാണ് പൊലീസ് പിടികൂടിയത്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. 29 വയസുകാരനായ പ്രതിയെ അറസ്റ്റ് ചെയ്ത് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പാലക്കാട് സർക്കാർ ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിക്ക് ബിജെപി പതാക ലഭിച്ചതെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ച രാവിലെയാണ് നഗരസഭാ വളപ്പിൽ കടന്നു കയറിയ ഇയാൾ ഗാന്ധി പ്രതിമയിൽ ബിജെപി പതാക കെട്ടിയത്. ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കണ്ടതിനെ തുടർന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗൺസിലർമാരും ഡിവൈഎഫ്ഐയും രംഗത്തെത്തുകയും ചെയ്തിരുന്നു. പോലീസ് എത്തിയാണ് പതാക അഴിച്ചു മാറ്റിയത്. ജില്ലാ ആശുപത്രിയ്ക്ക് സമീപമെത്തിയ ഇയാള്‍ അവിടെ നിന്നും ബിജെപിയുടെ കൊടിയെടുത്ത് പുലര്‍ച്ചെ നഗരസഭ ഓഫീസ് ഗേറ്റ് ചാടിക്കടന്ന് ഗാന്ധിപ്രതിമയെ പതാക പുതപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി ഇത് നിഷേധിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.