ആറാട്ടുപുഴ: മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ബിഗ് ബജറ്റ് സിനിമകൾ അഭ്രപാളിയിൽ എത്തുമ്പോൾ ആറാട്ടുപുഴയെന്ന തീരദേശഗ്രാമം സൂപ്പർ ഹിറ്റാകും. ഈ നാട്ടുകാരായ രണ്ടുപേരുടെ ജീവിതമാണ് ഈ സിനിമകളുടെ പ്രമേയം. ചരിത്രപുരുഷനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ചാണ് ഒരു സിനിമയെങ്കിൽ ചരിത്രം തിരുത്തിക്കുറിച്ച ബെന്യാമിെൻറ ആടുജീവിതം നോവലിലെ നായകൻ നജീബിെൻറ ദുരിതജീവിതത്തിെൻറ ദൃശ്യാവിഷ്കാരമാണ് രണ്ടാമത്തേത്.
വേലായുധപ്പണിക്കരും നജീബും തമ്മിൽ ഒന്നര നൂറ്റാണ്ടിെൻറ വ്യത്യാസമുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി ഇരുവരും വളരെ അടുത്തുള്ളവരാണ്. മംഗലത്തെ വേലായുധപ്പണിക്കരുടെ കല്ലിശ്ശേരിൽ തറവാട്ടിൽനിന്ന് 700 മീറ്റർ മാത്രം ദൂരമേയുള്ളൂ നാട്ടുകാർ ഷുക്കൂർ എന്ന് വിളിക്കുന്ന തറയിൽ വീട്ടിൽ നജീബിെൻറ വീട്. മലയാള സിനിമയുടെ ചരിത്രത്തിൽ അപൂർവമായിരിക്കാം ഒരേ ദേശത്തുനിന്നുള്ള രണ്ടുപേർ ഒരേസമയം മുഖ്യകഥാപാത്രങ്ങളാകുന്നത്.
ജീവിതം കരപറ്റിക്കാൻ ഗൾഫ് മോഹവുമായി കടൽകടന്ന നജീബ് അവിചാരിതമായി എത്തപ്പെട്ട സൗദിയുടെ വന്യമായ മരുഭൂമിയിൽ അനുഭവിച്ചുതീർത്ത ജീവിതമുഹൂർത്തങ്ങളാണ് ആടുജീവിതം എന്ന നോവൽ. വായനക്കാരുടെ മനസ്സിെൻറ വിങ്ങലായി മാറിയ നജീബിനെ പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലെസിയാണ് തിരശ്ശീലയിലേക്ക് പകർത്തുന്നത്. സിനിമയുടെ ഭൂരിഭാഗം ഷൂട്ടിങ്ങും ജോർഡനിലെ മരുഭൂമിയിൽ പൂർത്തീകരിച്ച് കഴിഞ്ഞു. പൃഥ്വിരാജിെൻറ അഭിനയജീവിതത്തിലെ വഴിത്തിരിവാകും ആടുജീവിതത്തിലെ നജീബ്. അമല പോളാണ് നായികവേഷത്തില്‍ എത്തുന്നത്. എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ. ശരീരഭാരം 30 കിലോവരെ കുറച്ചാണ് പൃഥ്വിരാജ് വേഷമിടുന്നത്. ഈ വർഷം ആടുജീവിതം തിയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.